ഫസീലയെ കൊന്നത് മുമ്പ് പീഡന പരാതി നല്‍കിയതിന്; വാക്കേറ്റം കൊലയിലെത്തി

Update: 2024-11-30 12:34 GMT

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ വെട്ടത്തൂര്‍ സ്വദേശി ഫസീലയെ കൊന്ന കേസിലെ പ്രതി അബ്ദുല്‍ സനൂഫിന്റ മൊഴി രേഖപ്പെടുത്തി. മുമ്പ് തനിക്കെതിരേ പെരിന്തല്‍മണ്ണയില്‍ ഫസീല ലൈംഗിക പീഡനപരാതി നല്‍കിയതിന്റെ പകയിലാണ് കൊല നടത്തിയതെന്ന് സനൂഫ് മൊഴി നല്‍കിയതായി പോലിസ് അറിയിച്ചു. പീഡനപരാതിയെ കുറിച്ച് സംസാരിക്കാനാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തതെന്നും വാക്കുതര്‍ക്കം കൊലപാതകത്തില്‍ എത്തുകയായിരുന്നുവെന്നും പോലിസ് രേഖകള്‍ പറയുന്നു. ഫസീലയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് സനൂഫ് കൊല നടത്തിയത്.

ഈമാസം 26ന് ആണ് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ സനൂഫ് ശ്വാസംമുട്ടിച്ചു കൊന്നത്. കൊലയെ തുടര്‍ന്ന് ഒളിവില്‍ പോയ സനൂഫിനെ ഇന്നലെ ചെന്നൈ ആവഡിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. പോലീസിനെ കബളിപ്പിക്കാന്‍ മീശയെടുത്തുകളഞ്ഞ പ്രതി സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി പിടിയിലാവാതിരിക്കാന്‍ ഷര്‍ട്ടുകള്‍ ഇടയ്ക്കിടെ മാറ്റിയാണ് യാത്ര ചെയ്തിരുന്നത്.

പാലക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തീവണ്ടി മാര്‍ഗം ബംഗളൂരുവില്‍ എത്തിയ സനൂഫ് പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി അവിടെനിന്ന് ചെന്നൈയിലേക്ക് മാറുകയായിരുന്നു. ചൊവ്വാഴ്ച രാത്രി സനൂഫ് പാലക്കാട്ടു നിന്ന് ട്രെയിനില്‍ ബംഗളൂരുവിലേക്ക് പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യം കിട്ടിയതുമുതല്‍ പോലീസ് സനൂഫിനു പിന്നാലെയുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്. കര്‍ണാടകയില്‍ നിന്നെടുത്ത സിം കാര്‍ഡ് ഈ സമയത്ത് ഇയാള്‍ ഉപയോഗിച്ചിരുന്നു. അതില്‍ നിന്ന് ഒരാളെ വിളിച്ച് സഹായം തേടിയതോടെയാണ് പ്രതിയുടെ നീക്കങ്ങള്‍ മനസിലായതെന്ന് പോലിസ് പറഞ്ഞു.

ഓപറേഷന്‍ നവംബര്‍

അന്വേഷണത്തിന്റെ ഭാഗമായി പോലിസ് പ്രത്യേക വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ലഭ്യമായ ഫോട്ടോകളും ഫോണ്‍ നമ്പരുകളും സിസിടിവി ദൃശ്യങ്ങളും അതത് സമയത്ത് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പോലിസുകാര്‍ പങ്കുവെച്ചത് അന്വേഷണ വേഗത കൂട്ടി. കൊലനടന്നതിന്റെ പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാലക്കാട് കണ്ടെത്തിയ കാറാണ് ആദ്യസൂചന നല്‍കിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതി ടൗണ്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് പോയതായി മനസിലാക്കി. മുറിയില്‍നിന്ന് രക്ഷപ്പെട്ട സമയത്തെ വേഷവിധാനങ്ങള്‍ മാറ്റിയും മീശവടിച്ചും രൂപമാറ്റം വരുത്തി പ്രതി റെയില്‍വെസ്‌റ്റേഷനിലെത്തിയതായി അന്വേഷണസംഘം കണ്ടെത്തി. പക്ഷേ, എവിടേക്കാണ് പോയതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല.

തുടര്‍ന്ന് കര്‍ണാടകയില്‍ വെച്ച് രണ്ടുതവണ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ കിട്ടി. ആ രണ്ടുസമയവും പാലക്കാട്-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ സമയമാണെന്ന് മനസ്സിലാക്കിയതോടെ യാത്ര ബംഗളൂരുവിലേക്കാണെന്ന നിഗമനത്തില്‍ പ്രത്യേകസംഘം എത്തി. തുടര്‍ന്നായിരുന്നു നടക്കാവ് എസ്‌ഐ ബിനു മോഹന്റെ നേതൃത്വത്തില്‍ രണ്ടു ടീമുകള്‍ ബാംഗ്ലൂരില്‍ എത്തി അന്വേഷണം നടത്തിയത്. പോലീസ് ബംഗളൂരുവിലുണ്ടെന്ന വിവരമറിഞ്ഞ പ്രതി ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതെ വൈഫൈ ഉപയോഗിച്ചും വാട്‌സ്ആപ് കോള്‍ ചെയ്തുമാണ് കാര്യങ്ങള്‍ അറിഞ്ഞിരുന്നത്.

ബെംഗളൂരുവില്‍ ഹോട്ടലില്‍ മുറിയെടുത്ത് യുട്യൂബില്‍ ടിവി വാര്‍ത്തകള്‍ കണ്ട് അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച സനൂഫ് തന്റെ ഫോട്ടോ പതിച്ച ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ച് മനസിലാക്കുകയും നോഷ്യല്‍ മീഡിയയിലൂടെ ഇത് കണ്ട ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന് ഭയന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയായ ചൗഢ എന്നയാളുടെ സിം സംഘടിപ്പിച്ച് വിളിച്ച് തമിഴ്‌നാട്ടിലേക്ക് നീങ്ങിയ പ്രതി, ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടത് പോലീസ് കണ്ടെത്തി.

ഗൂഗിള്‍ വഴി ഹോട്ടലിനെക്കുറിച്ച് സകലവിവരവും ശേഖരിച്ച പോലീസ് സംഘം ഹോട്ടല്‍ വളഞ്ഞപ്പോള്‍ സനൂഫ് മുറിയിലെ ടിവിയില്‍ യൂട്യൂബില്‍ ക്രൈം വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.


Similar News