ഖത്തര്‍ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കായി രാജ്യാന്തര ഡിജിറ്റല്‍ കാംപയിന്‍ വഴി ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം സംഘടിപ്പിച്ചു.
ദോഹ: 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പ്രകാശനം ചെയ്തു. ഖത്തര്‍ സമയം രാത്രി 8.22(ഇന്ത്യന്‍ സമയം രാത്രി 10.52)നായിരുന്നു പ്രകാശന കര്‍മ്മം. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കായി രാജ്യാന്തര ഡിജിറ്റല്‍ കാംപയിന്‍ വഴി ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോ പ്രദര്‍ശിപ്പിച്ചത്.
അറബ് ലോകത്ത് കുവൈത്ത്, ഒമാന്‍, ലെബനാന്‍, ജോര്‍ദാന്‍, ഇറാഖ്, തുനീസ്യ, അല്‍ജീരിയ, മൊറോകോ എന്നിവിടങ്ങളിലും മറ്റു ലോകരാജ്യങ്ങളില്‍ അര്‍ജന്റീന, ബ്രസീല്‍, ചിലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മെക്‌സികോ, റഷ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, സ്‌പെയിന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും ലോഗോ പ്രദര്‍ശിപ്പിച്ചു.
ദോഹയില്‍ കതാറ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്‍ശൗല ടവര്‍, കുവൈത്തില്‍ കുവൈത്ത് ടവേഴ്‌സ്, മസ്‌ക്കത്ത ഒപ്പേറ ഹൗസ്, ബെയ്‌റൂത് റൗശെ റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അള്‍ജീരിയയില്‍ ഒപേറ ഹൗസ്, തുനീഷ്യയില്‍ ഹമ്മാമെറ്റ്, റാബത്തില്‍ കോര്‍ണീഷ് റാബത്ത്, ഇറാഖില്‍ ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലും ലോഗോയുടെ പ്രദര്‍ശനം നടന്നു.
ലോഗോ വിശദാംശങ്ങള്‍
ഫിഫ ലോകകപ്പ് ലോകത്തെ മുഴുവന്‍ പരസ്പരം ബന്ധിപ്പിക്കുന്ന മാമാങ്കമെന്ന കാഴ്ച്ചപ്പാടിനെ ഉള്‍ക്കൊള്ളന്നതാണ് ലോഗോയുടെ രൂപകല്‍പ്പന. പ്രാദേശിക അറബ് സംസ്‌കാരത്തിന്റെ ശ്രദ്ധേയമായ ഘടകങ്ങളും ആവേശകരമായ കളിയിലേക്കുള്ള സൂചനകളും ലോഗോ നല്‍കുന്നു.
ചിഹ്നത്തിന്റെ സ്വൂപ്പിംഗ് വളവുകള്‍ മരുഭൂമിയിലെ മണല്‍ കൂനകളെ പ്രതിനിധീകരിക്കുന്നു. പൊട്ടാത്ത ലൂപ്പ് എട്ട് എന്ന അക്കത്തെ ചിത്രീകരിക്കുന്നു(മത്സരങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന എട്ട് അതിശയകരമായ സ്‌റ്റേഡിയങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍). ലോകകപ്പിന്റെ പരസ്പര ബന്ധിതമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് അനന്ത ചിഹ്നം. ഫിഫ ലോകകപ്പ് ട്രോഫിയുടെ ആകൃതിക്ക് സമാനമായ ചിഹ്നത്തിന്റെ കേന്ദ്രരൂപം ഒരു പരമ്പരാഗത കമ്പിളി ഷാളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ്.
ഏഷ്യയിലെ വിവിധ സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടുക്കിടക്കുന്നതാണ് അറബ് ലോകമെന്ന് സൂചനയും ഷാളുകളെ അലങ്കരിക്കുന്ന സങ്കീര്‍ണ്ണമായ എംബ്രോയിഡറി വിശദാംശങ്ങളില്‍ കാണാം. പ്രാദേശികമായി പ്രചോദനം ഉള്‍ക്കൊണ്ട ശൈത്യകാല വസ്ത്രങ്ങള്‍ ടൂര്‍ണമെന്റിന്റെ ആരംഭ തീയതികളെയും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കളിക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ആയിരിക്കും എന്നതും സൂചിപ്പിക്കുന്നു. പരമ്പരാഗത അറബി കാലിഗ്രാഫിയെ പുതിയതും സമകാലികവുമായ ഒരു അക്ഷരസഞ്ചയത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതാണ് ലോഗോ.