കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: റെയില്‍വേ ജീവനക്കാരനെതിരേ കേസ്
തമിഴ്‌നാട് സ്വദേശിയായ ശരവണന്‍ എന്ന യുവാവിനെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടതിനാണ് കേസ്. ശരവണന്‍ പിന്നീട് മരിച്ചിരുന്നു
കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് തമിഴ് യുവാവ് മരിച്ച സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരനെതിരേ കേസെടുത്തു. കണ്ണൂര്‍ സ്വദേശി അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് സ്‌റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി ശരവണന്‍ മരിച്ച സംഭവത്തിലാണ് കേസ്.
ട്രെയിനിന്റെ എസി കോച്ചില്‍ നിന്നും ശരവണനെ അനില്‍കുമാര്‍ തള്ളിയിടുകയായിരുന്നു എന്ന യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ വിശദമായി പോലിസ് ചോദ്യം ചെയ്തു. അനില്‍കുമാര്‍ കുറ്റം സമ്മതിച്ചെന്ന് പോലിസ് അറിയിച്ചു.
രാത്രി 11.30ക്ക് സ്‌റ്റേഷനില്‍ എത്തിയ ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ ശരവണനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.