ലോക്ക് ഡൗണ്‍ ലംഘിച്ച് യോഗിയുടെ അയോധ്യ പൂജ: വാര്‍ത്ത നല്‍കിയ 'ദി വയറി'നെതിരേ കേസ്

യോഗിയുടെ പൂജയ്‌ക്കെതിരേ നടപടിയെടുക്കാതെ തബ് ലീഗ് ജമാഅത്തിനെ വേട്ടയാടുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെയാണ്, സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്ത മാധ്യമത്തിനെതികേ കേസെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Update: 2020-04-01 19:54 GMT

ഫൈസാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ലംഘിച്ച് മണിക്കൂറുകള്‍ക്കകം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ പൂജയില്‍ പങ്കെടുത്തെന്ന വാര്‍ത്ത നല്‍കിയതിനു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ കേസ്. ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'നെതിരേയാണ് കോട്വാലി നഗര്‍ പോലിസ് കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍

    ശത്രുതയോ വിദ്വേഷമോ സൃഷ്ടിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുക(ഐപിസി 505-2), പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുക(ഐപിസി-188) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നിതീഷ് കുമാര്‍ ശ്രീവാസ്തവ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു.

    യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് നടന്ന ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ച് മാര്‍ച്ച് 31ന് 'ദി വയര്‍' നല്‍കിയ വാര്‍ത്താവിശകലനത്തിനെതിരേയാണ് കേസെടുത്തത്. 'മാര്‍ച്ച് 18ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമ നവമി ആഘോഷത്തില്‍ അയോധ്യയില്‍ ഒരു വലിയ മേള സംഘടിപ്പിക്കുമെന്ന് പറഞ്ഞു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെ ആഘോഷം തുടരും. രാമഭക്തരെ കൊറോണ വൈറസില്‍ നിന്ന് രാമന്‍ സംരക്ഷിക്കുമെന്നും യോഗി പ്രസംഗിച്ചു. അടുത്ത ദിവസം, ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതായി മോദി ആഹ്വാനം ചെയ്തു. ഇതോടെ മുഖ്യമന്ത്രി നിലപാട് മാറ്റി. രാമ നവമി വീട്ടില്‍ ആഘോഷിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 24ന് മോദി ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരുദിവസം പിന്നിടും മുമ്പ് ആദിത്യനാഥ് അയോധ്യയില്‍ ഒരു മത ചടങ്ങില്‍ പങ്കെടുത്തെന്നും കൊറോണ വൈറസ് വ്യാപനം തടയാനുള്ള സാമൂഹിക അകലം പാലിക്കണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നുമായിരുന്നു റിപോര്‍ട്ട് നല്‍കിയിരുന്നു. പ്രസ്തുത റിപോര്‍ട്ട് 'ദി വയര്‍' വെബ്‌സൈറ്റില്‍ ഇപ്പോഴുമുണ്ട്. ഇതിനെതിരേയാണ് പരാതി നല്‍കുകയും പോലിസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.

    അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടമെന്നായിരുന്നു യോഗിയുടെ പൂജയെ വിശേഷിപ്പിച്ചിരുന്നത്. അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റും പോലിസ് മേധാവിയും പ്രമുഖ സന്യാസിമാരുമുള്‍പ്പെടെ 20ഓളം പേരാണ് പൂജയില്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിനൊപ്പം നിയന്ത്രണങ്ങള്‍ പോലും പാലിക്കാതെയായിരുന്നു പൂജ. ഡല്‍ഹിയിലെ തബ് ലീഗ് ആഗോള ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍കസിലെ മതചടങ്ങില്‍, ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുടുങ്ങിയവര്‍ക്ക്, പിന്നീട് കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോപിച്ച് അടച്ചുപൂട്ടുകയും സ്ഥാപന നടത്തിപ്പുകാരായ മതപണ്ഡിതര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, യോഗിയുടെ പൂജയ്‌ക്കെതിരേ നടപടിയെടുക്കാതെ തബ് ലീഗ് ജമാഅത്തിനെ വേട്ടയാടുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെയാണ്, സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്ത മാധ്യമത്തിനെതികേ കേസെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.




Tags:    

Similar News