നേപ്പാളിയുടെ തല മൊട്ടയടിച്ച് 'ജയ് ശ്രീറാം' എഴുതിയ സംഭവം: വിശ്വഹിന്ദു സേന നേതാവിനെതിരേ കേസ്

Update: 2020-07-18 13:46 GMT

വരാണസി: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ 'നേപ്പാള്‍ മൂര്‍ദാബാദ്' എന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ട് തനേപ്പാളി പൗരന്റെ തല മൊട്ടയടിച്ച് 'ജയ് ശ്രീറാം' എന്നെഴുതിയ സംഭവത്തില്‍ വിശ്വഹിന്ദു സേനാ നേതാവ് അരുണ്‍ പഥകിനെതിരേ കേസെടുത്തു. ഭേലുപൂര്‍ പോലിസാണ് അരുണ്‍ പഥക് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് പാണ്ഡേ, രാജു യാദവ്, അമിത് ദൂബേ, ആശിഷ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, മുഖ്യപ്രതിയായ വിശ്വഹിന്ദു സേനാ നേതാവ് അരുണ്‍ പഥകിനെ പിടികൂടിയിട്ടില്ല. പ്രതിയെ കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി വരാണസി സിറ്റി എസ് പി വികാസ് ചന്ദ്ര ത്രിപാഠി പറഞ്ഞു. പ്രതികള്‍ക്കെതിരേ ഐപിസി 295, 505, 120 ബി, ഐടി ആക്റ്റിലെ 67, സിഎല്‍എ ആക്റ്റിലെ 7 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. യഥാര്‍ത്ഥ അയോധ്യ ഇന്ത്യയിലല്ല, നേപ്പാളിലെ അതിര്‍ത്തി ഗ്രാമത്തിലാണെന്നും ശ്രീരാമന്റെ ജന്‍മസ്ഥലം അവിടെയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രസ്താവിച്ചതിനു പിന്നാലെയാണ് അതിക്രമമുണ്ടായത്.

    കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വരാണസിയില്‍ താമസിക്കുന്ന നേപ്പാളി പൗരനെ ഒരുകൂട്ടം വിശ്വഹിന്ദു സേനാ പ്രവര്‍ത്തകര്‍ തല മൊട്ടയടിക്കുകയും 'ജയ് ശ്രീ റാം', 'നേപ്പാള്‍ മൂര്‍ദാബാദ്', 'നേപ്പാള്‍ പ്രധാനമന്ത്രി ഒലി മൂര്‍ദാബാദ്' എന്നു വിളിക്കണമെന്ന് ആവശ്യപ്പെടുകയും തലയില്‍ 'ജയ് ശ്രീ റാം' എന്നെഴുതി വയ്ക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് കേസെടുത്തത്.

FIR Registered Against Vishwa Hindu Sena for Harrassing Nepali Citizen in Varanasi Over PM Oli's Remarks




Tags:    

Similar News