ബുര്‍ജ് ഖലീഫയ്ക്ക് സമീപത്തെ 35 നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം (വീഡിയോ)
ദുബയ്: ബുര്‍ജ് ഖലീഫയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന 35 നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ദുബയ് ഡൗണ്‍ ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപ്പിടിത്തമുണ്ടായത്.
കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ വേഗം തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ദുബയ് പോലിസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രണ്ടുമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
In #Dubai, the #Emaar skyscraper caught fire near the #BurjKhalifa, the tallest building in the world.
— NEXTA (@nexta_tv) November 7, 2022
At the moment the fire was extinguished, there is no information about victims. pic.twitter.com/QtPmRBHSTq
സംഭവമറിഞ്ഞ് അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റ് സ്ഥലത്തെത്തുമ്പോഴേക്കും തീയണച്ചിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നത്. എമിറേറ്റിലെ സര്‍ക്കാര്‍ പിന്തുണയുള്ള ഡെവലപ്പറായ എമാര്‍ എട്ട് ബൊളിവാര്‍ഡ് വാക്ക് എന്ന ടവറുകളുടെ ഭാഗമായ കെട്ടിടത്തില്‍ തീപ്പിടിത്തത്തില്‍ നാശനഷ്ടം സംഭവിച്ച ചിത്രങ്ങള്‍ പുറത്തുവന്നു. അതേസമയം, ദുബയ് പോലിസും സിവില്‍ ഡിഫന്‍സും തീപ്പിടിത്തം സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. എമിറേറ്റ്‌സ് അധികൃതരും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
2015 ലെ പുതുവല്‍സര രാവില്‍ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ദുബയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലുകളിലും വസതികളിലും ഒന്നായ അഡ്രസ് ഡൗണ്‍ടൗണില്‍ തീ പടര്‍ന്നിരുന്നു. ഇതിന് ശേഷം രാജ്യത്ത് ഉപയോഗിക്കുന്ന അഗ്‌നിപ്രതിരോധ മാര്‍ഗങ്ങളുടെയും മറ്റ് വസ്തുക്കളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.
2013 ല്‍ 15 മീറ്ററില്‍ കൂടുതല്‍ (50 അടി) ഉയരമുള്ള എല്ലാ പുതിയ കെട്ടിടങ്ങളിലും അഗ്‌നിപ്രതിരോധ മാര്‍ഗങ്ങള്‍ ആവശ്യമായി വരുന്ന തരത്തില്‍ യുഎഇ അതിന്റെ കെട്ടിട സുരക്ഷാ കോഡ് പരിഷ്‌കരിച്ചിരുന്നു. എന്നാല്‍, പഴയ കെട്ടിടങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2016 ആഗസ്തില്‍ യുഎഇ തലസ്ഥാനമായ അബൂദബിയില്‍ നിര്‍മാണത്തിലിരിക്കുന്ന 28 നില കെട്ടിടത്തിന് തീപ്പിടിച്ച് 10 എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.