യുഎഇയില്‍ നിന്ന് ആദ്യ വിമാനങ്ങള്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും
മെയ് ഏഴിന് അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബയില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് പ്രവാസികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനങ്ങള്‍ പറക്കുക
അബൂദബി: കൊവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സജ്ജമാക്കുന്ന ആദ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുക കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും. മെയ് ഏഴിന് അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബയില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് പ്രവാസികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനങ്ങള്‍ പറക്കുക. തുടര്‍ദിവസങ്ങളില്‍ ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലേക്കും പ്രത്യേക സര്‍വീസ് നടത്തും. ഇതില്‍ യാത്ര ചെയ്യുന്നവരുടെ അന്തിമ പട്ടിക അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്ന് തയ്യാറാക്കും.
നാട്ടിലേക്ക് തിരിച്ചെത്താന്‍ താല്‍പര്യം അറിയിച്ച് രണ്ടു ലക്ഷത്തോളം പേരാണ് യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍, വയോധികര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ബുദ്ധിമുട്ടുകള്‍ മൂലം ദുരിതപ്പെടുന്നവര്‍ എന്നിവര്‍ക്കെല്ലാമാവും പ്രഥമ പരിഗണന. നേരത്തേ രജിസ്റ്റര്‍ ചെയ്തവരെ നയതന്ത്ര കാര്യാലയങ്ങള്‍ ഫോണും ഇ-മെയിലും മുഖേന ബന്ധപ്പെട്ട് യാത്രാവിവരം അറിയിക്കും. ടിക്കറ്റ് ചെലവ്, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ എന്നിവയും യാത്രക്കാരെ നേരിട്ടറിയിക്കും. ഇവ പാലിക്കാന്‍ സമ്മതമറിയിക്കുന്നവരെ മാത്രമേ യാത്രയ്ക്കു പരിഗണിക്കുകയുള്ളൂ.
നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചെത്തിക്കാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംശയനിവാരണത്തിന് പ്രവാസി ഭാരതീയ സഹായ കേന്ദ്രയുടെ 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ഇതിനു പുറമെ ഇന്ത്യന്‍ എംബസിയും(0508995583) ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റും(0565463903, 0543090575) ഒരുക്കിയ കൊവിഡ് ഹെല്‍പ് ലൈനുകളിലും ബന്ധപ്പെടാം. ഇ-മെയില്‍: help.abudhabi@mea.gov.in, cons2.dubai@mea.gov.in