സിംഗൂര്‍ മുതല്‍ റാഡിയ ടേപ്പ് വരെ; ടാറ്റയുമായി ബന്ധപ്പെട്ട അഞ്ച് വിവാദങ്ങള്‍
സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം, നീര റാഡിയ ടേപ്പ് തുടങ്ങിയ വിവാദങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തു
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ മേധാവിയായി ചുമതലയേറ്റ ശേഷം രത്തന്‍ ടാറ്റ വലിയ വിവാദങ്ങളിലും പെട്ടു. പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം, നീര റാഡിയ ടേപ്പ് തുടങ്ങിയ വിവാദങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തു.new
സിംഗൂര്‍ സംഘര്‍ഷം
രത്തന്‍ ടാറ്റയുടെ മരണം രാജ്യത്തിന്റെ വ്യവസായ മേഖലക്ക് വലിയ നഷ്ടമാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടത്. എന്നാല്‍, ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി തുടങ്ങാനുള്ള കമ്പനിയുടെ നീക്കങ്ങള്‍ തടഞ്ഞത് മമതയായിരുന്നു. 2006ല്‍ ബംഗാളിലെ ഇടതുസര്‍ക്കാരാണ് സിംഗൂരില്‍ കാര്‍ ഫാക്ടറി തുടങ്ങാന്‍ ടാറ്റയെ ക്ഷണിച്ചത്. എന്നാല്‍, ഭൂമി ഏറ്റെടുക്കല്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചു. 2007ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ മമത നിരവധി സമരങ്ങളാണ് പദ്ധതിക്കെതിരെ നടത്തിയത്. ഇതോടെ 2008ല്‍ കമ്പനി ബംഗാളില്‍ നിന്ന് പിന്‍വാങ്ങി.
സൈറസ് മിസ്ത്രിയുടെ നിയമനം
പല്ലോഞ്ചി മിസ്ത്രി ഗ്രൂപ്പിന്റെ സൈറസ് മിസ്ത്രിയെ 2012ല്‍ ടാറ്റ ഗ്രൂപ്പിന്റെ മേധാവിയാക്കി മാറ്റിയിരുന്നു. എന്നാല്‍, അല്‍പ്പസമയത്തിനകം മിസ്ത്രിയും കമ്പനിയുമായി ഇടഞ്ഞു. ടാറ്റാ കമ്പനിക്ക് യാതൊരു വിധ പ്രഫഷണല്‍ സ്വഭാവവുമില്ലെന്നാണ് മിസ്ത്രി ആരോപിച്ചത്. പിന്നീട് 2016ല്‍ മിസ്ത്രിയെ പദവിയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ടാറ്റ-ബോംബെ ഡൈയിങ് വിവാദം
ബോംബെ ഡൈയിങ് കമ്പനി മേധാവിയായ നുസ്ലിം വാഡിയയും രത്തന്‍ ടാറ്റയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍, സൈറസ് മിസ്ത്രിയെ പദവിയില്‍ നിന്ന് നീക്കിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി. ഇതിന് ശേഷം നിരവധി കേസുകളാണ് വാഡിയ, രത്തന്‍ ടാറ്റക്ക് എതിരെ നല്‍കിയത്. 3000 കോടി രൂപ നഷ്ടപരിഹാരവും വാഡിയ ആവശ്യപ്പെട്ടു. തുടര്‍ന്ന് സുപ്രിംകോടതി ഇടപെട്ടാണ് ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പ് ധാരണയുണ്ടാക്കിയത്.
ഉള്‍ഫക്ക് സാമ്പത്തിക സഹായം
അസമിലെ വിഘടനവാദി പ്രസ്ഥാനമായ ഉള്‍ഫക്ക് ടാറ്റാ ഗ്രൂപ്പ് സാമ്പത്തിക സഹായം നല്‍കുന്നതായുള്ള ടെലഫോണ്‍ സംഭാഷണം വലിയ വിവാദങ്ങള്‍ക്ക് കാരണമായി. എന്നാല്‍, ഇക്കാര്യം കമ്പനി നിഷേധിച്ചു. അസമിലെ സാധാരണക്കാര്‍ക്ക് മെഡിക്കല്‍ സഹായം നല്‍കാനുള്ള പദ്ധതിക്കാണ് പണം നല്‍കിയതെന്നായിരുന്നു വിശദീകരണം.
നീര റായിഡ ടേപ്പ്
2010ല്‍ നീര റാഡിയ ടേപ്പുകള്‍ പുറത്തുവന്നത് രത്തന്‍ ടാറ്റയുടെ പ്രതിഛായയെ ബാധിച്ചു. കോര്‍പ്പറേറ്റ് ലോബിയിസ്റ്റായ നീര റാഡിയയും നിരവധി രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള സംഭാഷണമാണ് അന്ന് പുറത്ത് വന്നത്. ഈ സമയത്ത് ടാറ്റ കമ്പനിയുടെ പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് നീര റാഡിയയായിരുന്നു. ടാറ്റ കമ്പനിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ നീര റാഡിയ സംസാരിക്കുന്നത് ടേപ്പിലുണ്ടായിരുന്നു.