കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ്

60 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Update: 2022-02-21 14:02 GMT

പട്‌ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ മുഖ്യപ്രതിയായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ്. 60 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കഴിഞ്ഞദിവസം ലാലു കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 24 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യത്തെ നാലു കേസുകളിലും ലാലുവിനു തടവു ശിക്ഷ ലഭിച്ചിരുന്നു.

2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷം ലാലു നിലവില്‍ ജാമ്യത്തിലാണ്. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണു മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.

Tags:    

Similar News