കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം

Update: 2021-04-17 08:30 GMT

പട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാര്‍ഖണ്ഡിലെ ദുംക ട്രഷറിയില്‍നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. നിലവില്‍ ഡല്‍ഹി എയിംസില്‍ ചികില്‍സയില്‍ കഴിയുകയാണ് യാദവ്.

കന്നുകാലികള്‍ക്ക് കാലിത്തീറ്റ നല്‍കാനുള്ള സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ മൂന്നെണ്ണത്തിലും ജാമ്യം ലഭിച്ചിരുന്നു. ദുംക കേസില്‍ ജാമ്യം ലഭിച്ചതോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് റിപോര്‍ട്ടുകള്‍.

1991 നും 1996 നും ഇടയില്‍ ലാലു യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബിഹാറിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ദുംക ട്രഷറിയില്‍നിന്ന് ഫണ്ട് എടുത്തതുമായി ബന്ധപ്പെട്ടതാണ് 'ദുംക ട്രഷറി കേസ്'. 2017 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ജനുവരിയില്‍ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.

Tags:    

Similar News