തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധകള്‍ കേവലം പ്രഹസനമായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍. മാരക വിഷം ചേര്‍ത്ത പാല്‍ സംസ്ഥാനത്ത് വിതരണം ചെയ്യാനെത്തിക്കുന്നതിനിടെ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പിടികൂടിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. തമിഴ്‌നാട് തെങ്കാശി വി കെ പുതൂര്‍ വടിയൂര്‍ എന്ന സ്ഥലത്ത് നിന്നും അഗ്രി സോഫ്റ്റ് ഡയറി ഫാം അവരുടെ പന്തളത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പാല്‍ കേടുകൂടാതെ കൂടുതല്‍ സമയം സൂക്ഷിക്കുന്നതിനായി ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത പാലാണ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത പാല്‍ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. പാലക്കാട് മീനാക്ഷിപുരം, കൊല്ലം ജില്ലയില്‍ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയില്‍ പാറശാല എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ വഴി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ കേരളത്തിലേക്കെത്തുന്നുണ്ട്. ഇവിടെ ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും പരിശോധനകള്‍ കര്‍ശനമാക്കണം.
സുരക്ഷാ പരിശോധനകളും ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തയും മുന്‍വിധികളോടെയാവരുത്. വ്യാജവാര്‍ത്തകളുടെ മറവില്‍ സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ത്ത അക്രമികളെ അറസ്റ്റു ചെയ്യാനും വ്യാപാര സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എ കെ സ്വലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.