ആദിവാസി ഊരുകളില്‍ പ്രവേശന പാസ് ഏര്‍പ്പെടുത്തിയ നടപടി ഉടന്‍ പിന്‍വലിക്കണം: എ കെ സലാഹുദ്ദീന്‍

ആദിവാസി സമൂഹം നേരിടുന്ന സങ്കീര്‍ണതകള്‍, ദാരിദ്ര്യം, പട്ടിണി, ലൈംഗീക ചൂഷണങ്ങള്‍, പീഢനങ്ങള്‍ ഇവയൊന്നും പുറം ലോകം അറിയാതിരിക്കാനുള്ള ഗൂഢതന്ത്രമാണ് ഈ നടപടിക്കു പിന്നിലെന്നു സംശയമുണ്ട്

Update: 2022-05-30 13:36 GMT

തിരുവനന്തപുരം: ആദിവാസി ഊരുകളിലേക്ക് പുറത്തു നിന്നുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് പാസ് ഏര്‍പ്പെടുത്തിയ സംസ്ഥാന പട്ടിക വര്‍ഗ വകുപ്പ് നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍. ആദിവാസി സമൂഹം നേരിടുന്ന ദുരിതങ്ങള്‍, സങ്കീര്‍ണതകള്‍, ദാരിദ്ര്യം, പട്ടിണി, ലൈംഗീക ചൂഷണങ്ങള്‍, പീഢനങ്ങള്‍ ഇവയൊന്നും പുറം ലോകം അറിയാതിരിക്കാനുള്ള ഗൂഢതന്ത്രമാണ് ഈ നടപടിക്കു പിന്നിലെന്നു സംശയമുണ്ട്. ആദിവാസി ഊരുകളില്‍ പ്രവേശന പാസ് ഏര്‍പ്പെടുത്തി നിയന്ത്രിക്കുന്നതിനു പിന്നിലെ താല്‍പ്പര്യം സര്‍ക്കാര്‍ വ്യക്തമാക്കണം.

ആദിവാസികളുടെ പുരോഗതിക്കുതകുന്ന വനാവകാശ നിയമവും ആദിവാസി സ്വയം ഭരണ പഞ്ചായത്തും നടപ്പാക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് അവരെ നിയന്ത്രണ രേഖയുടെ ഉള്ളില്‍ തളച്ചിടാന്‍ പദ്ധതിയിടുന്നത്. ആദിവാസി സമൂഹത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി വകയിരുത്തുന്ന കോടിക്കണക്കിന് രൂപ പതിറ്റാണ്ടുകളായി തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബികള്‍ ആദിവാസികളുടെ വികസനത്തെ പരിപൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. ഇതിനു പുറമേ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മാവോവാദി വേട്ടയുടെ പേരിലും ആദിവാസികളെ പീഢിപ്പിക്കുകയാണ്. ആദിവാസി സമൂഹത്തെ ആവാസമേഖലയില്‍ തളച്ചിടുകയും അവരുടെ ദൈന്യത പോലും തിരിച്ചറിയുന്നതില്‍ നിന്നു തടയുകയും ചെയ്യുന്ന നടപടി ഉടന്‍ പിന്‍വലിക്കണമെന്നും എ കെ സലാഹുദ്ദീന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News