കശ്മീരികള്‍ക്ക് സഹായ വാഗ്ദാനം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സംഘപരിവാരത്തിന്റെ അസഭ്യവര്‍ഷവും ഭീഷണിയും

ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഭീഷണികളിലേറെയും. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ കോളിലൂടെയും എസ്എംസുകളിലൂടെയും ഭീഷണികളെത്തി.

Update: 2019-02-20 16:52 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തെതുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രണത്തിനിരയായ കശ്മീരികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ സംഘപരിവാരത്തിന്റെ സംഘടിതമായ പരിഹാസവും ഭീഷണിയും. ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഭീഷണികളിലേറെയും. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ കോളിലൂടെയും എസ്എംസുകളിലൂടെയും ഭീഷണികളെത്തി.

40ല്‍ അധികം സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിനു പിന്നാലെ വിദ്യാര്‍ഥികളും വ്യവസായികളുമായ കശ്മീരികളെ രാജ്യവ്യാപകമായി തീവ്രഹിന്ദുത്വ സംഘടനകള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഉടന്‍ കോളജുകളും താമസസ്ഥലങ്ങളും ഒഴിഞ്ഞുപോവാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സഹായം ആവശ്യമുള്ള ഏതൊരു കശ്മീരിക്കുമായി തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന ബര്‍ക്കാ ദത്തിന്റെ ട്വിറ്റിനു പിന്നാലെയാണ് അവര്‍ക്കെതിരേ സംഘടിതമായി ആക്രമണമുണ്ടായത്. തങ്ങളില്‍ ചിലര്‍ക്കെതിരേ സംഘടിതമായ വിദ്വേഷ പ്രചരണമാണ് നടക്കുന്നതെന്നും തന്റെ മൊബൈല്‍ നമ്പര്‍ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി ഇതിലൊരാള്‍ സ്ഥിരീകരിച്ചെന്നും ബര്‍ക്കാ ദത്ത് പറഞ്ഞു.

ഭീഷണിക്കോളുകളുകളെത്തിയ നിരവധി മൊബൈല്‍ നമ്പറുകള്‍ ബര്‍ക്കാ ദത്ത് ട്വീറ്റില്‍ പങ്കുവയ്ക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും ഡല്‍ഹി പോലിസിനേയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരേ പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ആയിരത്തോളം കോളുകളും സന്ദേശങ്ങളുമാണ് തനിക്ക് ലഭിച്ചതെന്നും ബര്‍ക്കാ ദത്ത് വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകന്‍ അഭീഷര്‍ ശര്‍മയ്ക്കും സമാന തരത്തിലുള്ള അനുഭവമുണ്ടായി. ഭീഷണിപ്പെടുത്താനും പരിഹസിക്കാനും ആവശ്യപ്പെട്ട് ബിജെപി ഐടി സെല്‍ മാധ്യമ പ്രവര്‍ത്തകരായ രവീഷ് കുമാര്‍, ബര്‍ക്കാ ദത്ത് എന്നിവര്‍ക്കൊപ്പം തന്റെ മൊബൈല്‍ നമ്പറും പ്രചരിപ്പിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. പുല്‍വാമ ആക്രണവുമായി ബന്ധപ്പെട്ട് മോദിയെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തക സ്വാതി ചതുര്‍വേദിക്കെതിരേയും ട്വിറ്ററില്‍ ആക്രമണമുണ്ടായി.

Tags:    

Similar News