ചരിത്രത്തിലാദ്യമായി ലയണ്‍സ് ഗേറ്റ് വഴി മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരച്ചുകയറി ഇസ്രായേല്‍ കുടിയേറ്റക്കാര്‍
1967ല്‍ കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഈ കവാടത്തിലൂടെ ജൂത കുടിയേറ്റക്കാര്‍ അല്‍അഖ്‌സയില്‍ പ്രവേശിക്കുന്നതെന്ന് അല്‍അഖ്‌സ മസ്ജിദുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ജെറുസലേം: ചരിത്രത്തിലാദ്യമായി ലയണ്‍സ് ഗേറ്റ് (ബാബുല്‍ അസ്ബാത്) വഴി അല്‍അഖ്‌സ മസ്ജിദ് വളപ്പിലേക്ക് ഇരച്ചുകയറി തീവ്ര ഇസ്രായേല്‍ ജൂത കുടിയേറ്റക്കാര്‍. 1967ല്‍ കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഈ കവാടത്തിലൂടെ ജൂത കുടിയേറ്റക്കാര്‍ അല്‍അഖ്‌സയില്‍ പ്രവേശിക്കുന്നതെന്ന് അല്‍അഖ്‌സ മസ്ജിദുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
സാധാരണയില്‍, കോമ്പൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മൊറോക്കന്‍ ഗേറ്റിലൂടെയാണ് ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ പിന്തുണയോടെ കുടിയേറ്റ സംഘങ്ങള്‍ മസ്ജിദ് വളപ്പിലേക്ക് കടന്നുകയറാറുള്ളത്. 'പവിത്രമായ സ്ഥലത്തെ തല്‍സ്ഥിതിയും മോസ്‌കിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേലും ജോര്‍ദാനും തമ്മില്‍ ഒപ്പുവെച്ച കരാറുകളും ലംഘിക്കുന്ന ഗുരുതരമായ നടപടി' എന്നാണ് ലയണ്‍സ് ഗേറ്റിലൂടെയുള്ള കടന്നുകയറ്റത്തെ അല്‍അഖ്‌സ മസ്ജിദ് ഡയറക്ടര്‍ ഷെയ്ഖ് ഒമര്‍ കിസ്വാനി വിശേഷിപ്പിച്ചത് 2003മുതല്‍, വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സൈന്യത്തിന്റെ പിന്തുണയോടെ ജൂത കുടിയേറ്റക്കാര്‍ മസ്ജിദ് വളപ്പില്‍ കടന്ന് സംഘര്‍ഷം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.