ആളുമാറി ജപ്തി നോട്ടീസ്; ബിന്ദുവിന് പകരം സിന്ധു, വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം
പരപ്പനങ്ങാടി: ആളുമാറി ജപ്തി നോട്ടീസ് ലഭിച്ചതിനു പിന്നാലെ വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. കാനറ ബാങ്ക് പരപ്പനങ്ങാടി ശാഖയില്‍ നിന്നു ലോണെടുത്ത് കൃത്യസമയത്ത് അടച്ചില്ലെന്ന് ആരോപിച്ച് റവന്യൂ റിക്കവറി നടത്തുമെന്ന് കാണിച്ചാണ് പരപ്പനങ്ങാടി വില്ലേജ് ഓഫിസില്‍ നിന്ന് വിവരം ലഭിച്ചത്. ഇതോടെ, ലോണെടുത്തിട്ടില്ലാത്ത വീട്ടമ്മ അസ്വസ്ഥയായി. പരപ്പനങ്ങാടി വില്ലേജ് ഓഫിസില്‍ നിന്ന് വിവരം ലഭിച്ച നെടുവയിലെ എം സിന്ധുവിന് ജോലി സ്ഥലത്ത് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. വില്ലേജ് ഓഫിസിലെത്തി നിജസ്ഥിതി വെളിപ്പെടുത്തിയതോടെ ഇവരെ കാനറാ ബാങ്കിലേക്കയച്ചു.
ഇതേ മേല്‍വിലാസത്തിലുള്ള ബിന്ദുവിന്റെ പേരിലുള്ള വായ്പയുടെ പേരിലാണ് നോട്ടീസ് മാറി സിന്ധുവിനെത്തിയത്. എന്നാല്‍ തന്റെ ഫോണ്‍ നമ്പര്‍ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ബാങ്ക് അധികൃതര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. ഇത് തങ്ങളുടെ വീഴ്ച്ചയല്ലന്നും വില്ലേജ് അധികൃതരുടെ പിഴവാണെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞതെന്ന് സിന്ധു പറഞ്ഞു. നേരിട്ട അപമാനത്തിനും പ്രയാസത്തിനും നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടമ്മ.