ഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം നാലായി
അബുവിനെ കൂടാതെ കാസര്‍കോഡ് ഷിരിഭാഗിലു പുളിക്കൂര്‍ ഇസ്മായില്-സൈനബി തളങ്കര ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷ്‌റഫ്(38), മലപ്പുറം നിലമ്പൂര്‍ അബ്ദുസ്സമദ്-ഖദീജ ദമ്പതികളുടെ മകനും ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി(49), മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയില്‍ (44) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.
ദോഹ: ഖത്തറിലെ അല്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി തച്ചാറിന്റെ വീട്ടില്‍ മമ്മദൂട്ടി-ആമിന ദമ്പതികളുടെ മകന്‍ അബു ടി മമ്മദൂട്ടി(45)യുടെ മൃതദേഹം ഇന്നലെ അര്‍ധരാത്രിയോടെ കണ്ടെടുത്തു. തുടര്‍ന്ന് ഹമദ് ജനറല്‍ ആശുപത്രിയില്‍ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം നാലായി. ഇവരുള്‍പ്പെടെ ആറ് ഇന്ത്യക്കാരാണ് മരിച്ചത്. അബുവിനെ കൂടാതെ കാസര്‍കോഡ് ഷിരിഭാഗിലു പുളിക്കൂര്‍ ഇസ്മായില്-സൈനബി തളങ്കര ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷ്‌റഫ്(38), മലപ്പുറം നിലമ്പൂര്‍ അബ്ദുസ്സമദ്-ഖദീജ ദമ്പതികളുടെ മകനും ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി(49), മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയില്‍ (44) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. തിരച്ചില്‍ തുടരുന്നതിനിടെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍, ബുധനാഴ്ച രാവിലെ എട്ടരയോടെ അപകടം നടന്നയുടന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി ആരിഫ് അസീസ് മുഹമ്മദ് ഹസന്റെ (26) മരണം മാത്രമാണ് ഇതുവരെ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ഷെയ്ഖ് അബ്ദുന്നബി ഷെയ്ഖ് ഹുസയ്ന്‍ (61) ആണു മരിച്ച രണ്ടാമത്തെ ഇന്ത്യക്കാരന്‍.
രഹ്‌നയാണ് അബുവിന്റെ ഭാര്യ. മക്കള്‍: റിദാന്‍, റിനാന്‍. മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ ഇര്‍ഫാന. മക്കള്‍: ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍. ദോഹയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു മരിച്ച നൗഷാദ്. ഭാര്യ: ബില്‍ഷി. മക്കള്‍: മുഹമ്മദ് റസല്‍, റൈസ. റബീനയാണ് ഫൈസല്‍ കുപ്പായിയുടെ ഭാര്യ. മക്കള്‍: റന, നദ, മുഹമ്മദ് ഫെബിന്‍. ഹമദ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോവും. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മന്‍സൂറയിലെ ബിന്‍ ദര്‍ഹാമില്‍ നാലുനില പാര്‍പ്പിട സമുച്ഛയം തകര്‍ന്നത്. അപകടം നടന്ന ഉടന്‍ 7 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. 12 കുടുംബങ്ങളെ ഹോട്ടലിലേക്കു സുരക്ഷിതമായി മാറ്റിയിട്ടുമുണ്ട്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗതിയിലാണ്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികവിവരം.