നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബംഗാളില്‍ രണ്ടിടത്ത് യന്ത്രം പണിമുടക്കി

പശ്ചിമബംഗാളിലെ ബോല്‍പൂര്‍ മണ്ഡലത്തിലെ രണ്ടു ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിനു തകരാറുണ്ടായത്

Update: 2019-04-29 02:47 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിര്‍ണായകമായ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. മഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്നത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാവും. അനന്ത്‌നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ബംഗാളില്‍ രണ്ടിടത്ത് വോട്ടെടുത്ത് തടസ്സപ്പെട്ടതായി റിപോര്‍ട്ടുണ്ട്. പശ്ചിമബംഗാളിലെ ബോല്‍പൂര്‍ മണ്ഡലത്തിലെ രണ്ടു ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിനു തകരാറുണ്ടായത്. നാലാംഘട്ടത്തില്‍ ആകെ 12.79 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും ബൂത്തിലെത്തുന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. 2014ല്‍ ബിജെപി നേട്ടമുണ്ടാക്കിയ സീറ്റുകളാണ് കൂടുതലായും നാലാംഘട്ടത്തില്‍ വരുന്നത്. 72 സീറ്റുകളില്‍ 56ഉം എന്‍ഡിഎ സഖ്യമാണ് വിജയിച്ചിരുന്നത്. കോണ്‍ഗ്രസിന് രണ്ടും ബാക്കി 14 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജു ജനതാദളിനുമാണ്. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട തിരഞ്ഞെടുപ്പാണിത്. മധ്യപ്രദേശിലെയും രാജസ്ഥാനിലും ആദ്യ ഘട്ടമാണ്. സിപിഐയുടെ കനയ്യകുമാര്‍, ബിജെപിയുടെ ബൈജയന്ത് പാണ്ഡ്യ, കോണ്‍ഗ്രസിന്റെ ഉര്‍മിള മണ്ഡോദ്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് ഇത്തവണ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ട് തിരഞ്ഞെടുപ്പ് നേരിടുന്ന ജോദ്പൂര്‍, സിപിഐയുടെ കനയ്യകുമാര്‍ മല്‍സരിക്കുന്ന ബെഗുസരായ് മണ്ഡലങ്ങള്‍ രാജ്യം ഉറ്റു നോക്കുന്നവയില്‍പെട്ടതാണ്.




Tags:    

Similar News