ജമ്മു കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് ആംനസ്റ്റി
പരിമിതമായ ഇന്റര്‍നെറ്റ് ലഭ്യതയും മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും നിയമവിരുദ്ധവും അനിയന്ത്രിതവുമായ തടങ്കലും കൊവിഡ് മൂലമുണ്ടാകുന്ന പരിഭ്രാന്തിയും ഭയവും ഉല്‍കണ്ഠയും വര്‍ധിപ്പിക്കുകയാണെന്ന് സംഘടന വ്യക്തമാക്കുന്നു.
ബെംഗളൂരു/ന്യൂഡല്‍ഹി: 'അധികാര ദുര്‍വിനിയോഗം' ഒഴിവാക്കണമെന്നും ജമ്മു കശ്മീരില്‍ തടവിലാക്കപ്പെട്ട മുഴുവന്‍ പേരെയും ഉടന്‍ മോചിപ്പിക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. 2019 ഓഗസ്റ്റ് 4 മുതല്‍ അയ്യായിരത്തിലധികം രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരോടൊപ്പം തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഡോ. ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഉമര്‍ അബ്ദുല്ലയെയും സര്‍ക്കാര്‍ അടുത്തിടെ മോചിപ്പിച്ചു.
കൊവിഡ് 19 കാരണം ജമ്മു കശ്മീര്‍ അടുത്ത ലോക്ക്ഡൗണിലേക്ക് പോവുമ്പോള്‍ ഏകപക്ഷീയമായി തടങ്കലിലാക്കിയ എല്ലാവരെയും ഇന്ത്യാ ഗവണ്‍മെന്റ് ഉടന്‍ മോചിപ്പിക്കുകയും ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കുകയും മേഖലയിലെ ജനങ്ങളില്‍ വിശ്വസ്തത വളര്‍ത്തുന്നതിനുള്ള നടപടികള്‍ സജീവമായി പിന്തുടരുകയും ചെയ്യണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
നിരവധി മുതിര്‍ന്നവരെയും കുട്ടികളേയും വാക്കാലുള്ള ഉത്തരവ് പ്രകാരം തടങ്കലില്‍ സൂക്ഷിച്ചതായി ഒരു ഡസനിലധികം തടവുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, വ്യവസായികള്‍ എന്നിവരുമായി അഭിമുഖം നടത്തിയും 255 വിവരാവകാശ അപേക്ഷകളിലൂടെയും ജമ്മു കശ്മീരിലെ സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരുമായി നടത്തിയ ആശയ വിനിയമത്തിലൂടെയും ശേഖരിച്ച വിവരങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
പൊതു ആരോഗ്യ അടിയന്തരാവസ്ഥ ഉത്തരവാദിത്തത്തെ മറികടക്കുന്നതിനുള്ള അവസരമല്ല. പരിമിതമായ ഇന്റര്‍നെറ്റ് ലഭ്യതയും മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും നിയമവിരുദ്ധവും അനിയന്ത്രിതവുമായ തടങ്കലും കൊവിഡ് മൂലമുണ്ടാകുന്ന പരിഭ്രാന്തിയും ഭയവും ഉല്‍കണ്ഠയും വര്‍ധിപ്പിക്കുകയാണെന്ന് സംഘടന വ്യക്തമാക്കുന്നു.