അഞ്ചു പെണ്‍കുട്ടികളെ അനാഥരാക്കി നയീം ഷായെ വെടിവച്ചു കൊന്ന സംഭവം: ഏഴുപേർ പിടിയിലായതായി പോലിസ്
മെയ് 16നാണ് ജമ്മു കശ്മീരിലെ ചെനാബ് വാലി ജില്ലയിലെ ബദര്‍വയില്‍ അഞ്ചു പെണ്‍കുട്ടികളുടെ പിതാവായ നയീം അഹ്മദ് ഷായെ ഗോരക്ഷാ പ്രവര്‍ത്തകര്‍ വെടിവച്ചു കൊന്നത്.
ബദര്‍വാ: ജമ്മു കശ്മീരിലെ ചെനാബ് വാലി ജില്ലയിലെ ബദര്‍വയില്‍ അഞ്ചു പെണ്‍കുട്ടികളുടെ പിതാവായ നയീം അഹ്മദ് ഷായെ ഗോരക്ഷാ പ്രവര്‍ത്തകര്‍ വെടിവച്ചു കൊന്ന സംഭവത്തിൽ ഏഴുപേർ പിടിയിലായതായി പോലിസ്.
പശുക്കളെ കടത്തിയെന്നാരോപിച്ചാണ് മധ്യവയസ്‌കനായ നയീം ഷായെയും സഹായി യാസിര്‍ ഹുസൈനെയും ഗോരക്ഷാ പ്രവര്‍ത്തകര്‍ ബദര്‍വയിലെ നദിപുല്ലില്‍ മെയ് 16ന് അർധരാത്രി 2മണിക്കാണ് ആക്രമിച്ചത്. 'നിങ്ങള്‍ ഞങ്ങളുടെ പശുക്കളെ കൊല്ലും' എന്നാക്രോശിച്ച് ഏഴിലധികം വരുന്ന സംഘം മധ്യവയസ്‌കനായ നയീം ഷായെയും യാസിറിനെയും അതിക്രൂരമായി മര്‍ദിച്ചു. തങ്ങള്‍ കൊണ്ടുപോകുന്നത് പശുക്കളെ അല്ലെന്നും കുതിരകളെയാണെന്നും സംഘത്തിനോട് കേണപേക്ഷിച്ചിട്ടിട്ടും മര്‍ദനം നിര്‍ത്താന്‍ സംഘം തയ്യാറായില്ല- പരിക്കേറ്റ യാസിര്‍ പറഞ്ഞു. തുടര്‍ന്ന് മര്‍ദനത്തിനൊടുവില്‍ നയീം ഷായെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. സഹായത്തിനായി താന്‍ പലരെയും വിളിച്ചെങ്കിലും സമീപത്ത് നിന്നും ആരും രക്ഷയ്‌ക്കെത്തിയില്ലെന്നും യാസിര്‍ പറയുന്നു. അര്‍ധരാത്രിയായതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതോടെ ചോരവാര്‍ന്ന് നയീം ഷാ മരിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ സ്ഥലംവിട്ടിരുന്നു. പ്രതികളെ പിടികൂടിയെങ്കിലും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു. ഒരു മകനടക്കം അഞ്ചു പെണ്‍മക്കളാണ് നയീം ഷായ്ക്കുള്ളത്. പ്രശ്‌നം രൂക്ഷമായതോടെ ചെനാബ് വാലി താഴ്‌വാരയിലെ ബദര്‍വയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.