ഗസ സിറ്റി: ഗസ മുനമ്പിലെ അല്‍അഹ്‌ലി ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷിച്ച് 500ലേറെ പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ലോകവ്യാപക പ്രതിഷേധം. ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് കൂട്ടക്കൊല നടത്തിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. നേരത്തേ ഇസ്രായേലിനെ പിന്തുണച്ചിരുന്ന രാഷ്ട്രങ്ങള്‍ പോലും യുദ്ധക്കുറ്റത്തിനെതിരേ ആഞ്ഞടിച്ചതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ് ലാമിക് ജിഹാദിനു മേല്‍ ചുമത്തി രക്ഷപ്പെടാനും ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്. ഇസ് ലാമിക് ജിഹാദിന്റെ ലക്ഷ്യം തെറ്റിയ മിസൈലാണ് ആശുപത്രിയില്‍ പതിച്ചതെന്ന പച്ചനുണയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ സൈന്യവും രംഗത്തെത്തിയെങ്കിലും ലോകരാഷ്ട്രങ്ങള്‍ പുച്ഛിച്ചുതള്ളുകയാണ്. ഇസ്രായേലിന്റെ നുണക്കഥകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയ മലയാളമാധ്യമങ്ങള്‍ക്കെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.
ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഗസയിലെ ബാപ്‌സറ്റിക് ആശുപത്രിക്കു മേല്‍ ഇസ്രായേലിന്റെ ബോംബ് വര്‍ഷം ഉണ്ടായത്. യുദ്ധം തുടങ്ങി 11ാം നാളിലും കടുത്ത ഉപരോധവും ആക്രമണങ്ങളും കാരണം ശവപ്പറമ്പ് പോലെയായി മാറിയ ഗസ നിവാസികളില്‍ പരിക്കേറ്റവും വീട് തകര്‍ന്നവരും അഭയം തേടിയ ആശുപത്രിയിലാണ് അധിനിവേശ സൈന്യത്തിന്റെ തീതുപ്പിയത്. അഞ്ഞൂറോളും പേര്‍ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതുമായാണ് പ്രാഥമിക വിവരം. എന്നാല്‍, മരണസംഖ്യം ആയിരത്തിനടുത്ത് എത്തുമെന്നും സൂചനയുണ്ട്. പച്ചയായ യുദ്ധക്കുറ്റത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ സയണിസ്റ്റ് രാഷ്ട്രത്തിനെതിരേ ജനം തെരുവിലിറങ്ങിയിരുന്നു. വെസ്റ്റ് ബാങ്കിലും രാമല്ലയിലും മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ് മൂദ് അബ്ബാസിന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. വാഹനങ്ങള്‍ക്ക് തീയിട്ടു. പോലിസിനു നേരെ കല്ലേറുണ്ടായി. അയല്‍രാജ്യമായ ലബനാനിലെ ബെയ്‌റൂത്തിലും ജനം ഇളകി. അമേരിക്കന്‍ എംബസിക്കു മുന്നില്‍ ഫലസ്തീന്‍ പതാകയുമായെത്തിയ പ്രതിഷേധക്കാരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് നേരിട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫ്രഞ്ച് എംബസിക്കു മുന്നിലും ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധിച്ചു. രാജ്യത്ത് ഇന്ന് ദുഖാചരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നൂറുകണക്കിന് ആളുകളാണ് രാത്രിയില്‍ തന്നെ പ്രതിഷേധവുമായെത്തിയത്. ഇസ്രായേല്‍ എംബസി വളഞ്ഞ പ്രതിഷേധക്കാരെ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് നേരിട്ടത്. ഇസ്രായേല്‍ പതാക കത്തിച്ചും മറ്റുമാണ് പ്രതിഷേധിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാനിരുന്ന ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കി. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫാത്താഹ് അല്‍സിസിയും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ചര്‍ച്ചയ്ക്കില്ലെന്ന് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ഇതോടെ ബൈഡന്റെ അമ്മാന്‍ ഉച്ചകോടി റദ്ദാക്കിയതായി വൈറ്റ്ഹൗസും വ്യക്തമാക്കി. ഇന്ന് ഇസ്രായേലിലെത്തുന്ന ജോ ബൈഡന്‍ ജോര്‍ദാന്‍ സന്ദര്‍ശിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഐക്യരാഷ്ട്ര സഭ, യൂറോപ്യന്‍ കൗണ്‍സില്‍, ജോര്‍ദാന്‍, റഷ്യ, തുര്‍ക്കി, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളും സംഘടനകളും കടുത്ത പ്രതിഷേധവുമായെത്തിയിട്ടുണ്ട്. സംഘര്‍ഷ സമയത്ത് സാധാരണക്കാരുടെ സംരക്ഷണത്തിന് അമേരിക്ക അസന്ദിഗ്ധമായി നിലകൊള്ളുമെന്നും ബൈഡന്‍ പ്രസ്താവിച്ചു. ആശുപത്രി ആക്രമണം ഒരുവിധത്തിവും അംഗീകരിക്കാനാവില്ലെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി മേധാവി വോല്‍ക്കര്‍ ടര്‍ക് പറഞ്ഞു. വിവരിക്കാന്‍ തനിക്ക് വാക്കുകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ യുഎഇ അടക്കമുള്ള രാജ്യങ്ങളും അപലപിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും സിവിലിയന്‍മാരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാനഈ പറഞ്ഞു. ഇതിനു പിന്നാലെ സമയം അതിക്രമിച്ചെന്ന എക്‌സ് പോസ്റ്റുമായി സിറിയയിലെ ഇറാന്‍ എംബസി രംഗത്തെത്തി.
അതേസമയം അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇസ്രായേലിനെ കടുത്ത രീതിയില്‍ കുറ്റപ്പെടുത്താതെയാണ് അപലപിച്ചത്. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിലും ഭയാനകരമായ ജീവഹാനിയിലും രോഷാകുലനും ദുഃഖിതനുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. വാര്‍ത്ത കേട്ടയുടനെ ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും സംസാരിച്ചു. കൃത്യമായി എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരാന്‍ ദേശീയ സുരക്ഷാ ടീമിനോട് നിര്‍ദേശിച്ചതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ആശുപത്രിക്കെതിരായ ആക്രമണം ന്യായീകരിക്കാന്‍ യാതൊന്നിനും കഴിയില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവനയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവച്ചത്.
ഇതിനിടെ, ആശുപത്രിയിലെ കൂട്ടക്കൊലയില്‍ മുഖം കൂടുതല്‍ വികൃതമായ ഇസ്രായേല്‍ പതിവുപോലെ നുണക്കഥകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഗസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് തൊടുത്തുവിട്ട റോക്കറ്റാണ് ആശുപത്രിക്ക് നേരെ പതിച്ചതെന്ന് ഇസ്രായേലിന്റെ വാദം. ഗസയില്‍ നിന്ന് ഫലസ്തീന്‍ ഇസ് ലാമിക് ജിഹാദ് തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റിയാണ് ആശുപത്രിക്കു മുകളില്‍ പതിച്ച് സ്‌ഫോടനമുണ്ടായതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ലോകം മുഴുവന്‍ ഇക്കാര്യം അറിയണമെന്നു പറഞ്ഞാണ് നെതന്യാഹു പച്ചക്കള്ളം ആവര്‍ത്തിച്ചത്. ഗസയിലെ പ്രാകൃതരായ ഭീകരവാദികളാണ് ആശുപത്രി ആക്രമിച്ചത്. അല്ലാതെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അല്ല. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ സ്വന്തം മക്കളെയും കൊലപ്പെടുത്തുകയാണെന്നായിരുന്നു നെതന്യാഹു എക്‌സിലൂടെ നുണക്കഥ തട്ടിവിട്ടത്. ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരിയും ഇതേ നുണയുമായി രംഗത്തെത്തി. എന്നാല്‍, ഇസ്രായേലിന്റേത് യുദ്ധക്കുറ്റമാണെന്നും ആശുപത്രിയില്‍ നടന്നത് കൂട്ടക്കൊലയാണെന്നും ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ നുണക്കഥകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന മലയാള മനോരമ, മാതൃഭൂമി തുടങ്ങിയവയ്‌ക്കെതിരേയും സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇത്തരം പത്രങ്ങളെയും സ്ഥാപനങ്ങളെയും ബഹിഷ്‌കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. നേരത്തേ, ഹമാസ് 40 ഇസ്രായേലി കുട്ടികളുടെ തലയറുത്തു കൊലപ്പെടുത്തിയെന്ന വ്യാജവാര്‍ത്തയും മലയാള മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.