മതിയായില്ലേ ഈ മനുഷ്യക്കുരുതി?

Update: 2023-11-13 04:56 GMT

    സയില്‍ ആക്രമണം തുടങ്ങി ഒരു മാസവും ഏഴു ദിവസവും പിന്നിട്ടിട്ടും ചോരക്കൊതി തീരാതെ മരണക്കൊയ്ത്ത് തുടരുകയാണ് ഇസ്രായേല്‍. പതിനായിരവും കടന്ന മരണസംഖ്യയില്‍ പകുതിയോടടുത്ത് കുഞ്ഞുങ്ങളാണെന്നത് കരള്‍ പിളര്‍ക്കുന്ന കാഴ്ചയാണ്. ഇസ്രായേലിലടക്കം ലോകം മുഴുവന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുദ്ധവെറിക്കെതിരേ പ്രതിഷേധാഗ്‌നി ആളിപ്പടര്‍ന്നിട്ടും അല്‍പ്പവും കൂസാതെ മനുഷ്യരെ കൊന്നൊടുക്കുക തന്നെയാണ് തെമ്മാടി രാഷ്ട്രം. ആതുരാലയങ്ങളും അഭയാര്‍ഥി കാംപുകളും ആരാധനാലയങ്ങളും അധിവാസകേന്ദ്രങ്ങളും വിദ്യാലയങ്ങളും കാടടച്ചുള്ള ബോംബിങില്‍ നിലം പൊത്തി. വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും ഇന്റര്‍നെറ്റും ചികില്‍സയും വരെ നിഷേധിച്ച് ഗസയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി കൊല്ലാക്കൊല ചെയ്യുന്നതിനു പുറമെയാണ് സിവിലിയന്മാരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്നത്. ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫാ ആശുപത്രിയുടെ പ്രധാന ഭാഗങ്ങള്‍ ബോംബിട്ടു തകര്‍ക്കുകയും ചികില്‍സയിലിരുന്നവരെ ഒഴിപ്പിച്ച് തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്തു.

    ക്തമുറയുന്ന ക്രൂരതകളാണ് ഇസ്രായേല്‍ സൈന്യം ഫലസ്തീനികളാടു ചെയ്യുന്നത്. ഒരു ഫലസ്തീനിയെ വെടിവച്ചു വീഴ്ത്തിയ ശേഷം മൃതശരീരത്തിലൂടെ സൈനിക ട്രക്ക് കയറ്റുന്ന ഭീകര ദൃശ്യം മനുഷ്യാവകാശസംഘടനയായ യൂറോമെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ പുറത്തുവിട്ടിരുന്നു. മൃതദേഹങ്ങളില്‍ മൂത്രമൊഴിക്കുകയും അവയെ വികൃതമാക്കുകയും അംഗവിഛേദം വരുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ക്രൂരതകളാണ് സയണിസ്റ്റ് സൈന്യം ചെയ്യുന്നത്. യുദ്ധം തുടങ്ങി ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സംയുക്ത ഉച്ചകോടി ശനിയാഴ്ച റിയാദില്‍ ചേര്‍ന്നത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും തൃണവല്‍ഗണിച്ച് ഇസ്രായേല്‍ തുടരുന്ന യുദ്ധക്കുറ്റങ്ങള്‍ തടയുന്നതില്‍ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും പരാജയപ്പെട്ടെന്ന് റിയാദ് ഉച്ചകോടി കുറ്റപ്പെടുത്തുന്നു. ഇസ്രായേലിനുള്ള ആയുധ സഹായം അമേരിക്ക അവസാനിപ്പിക്കണമെന്നും ഗസയിലേക്ക് മറ്റു രാഷ്ട്രങ്ങള്‍ സഹായമെത്തിക്കുന്നത് തടയരുതെന്നുമാണ് റിയാദ് പ്രഖ്യാപനത്തിലെ പ്രധാന ആവശ്യങ്ങള്‍. പ്രഖ്യാപനങ്ങള്‍ക്കപ്പുറമുള്ള അതിശക്തമായ പ്രായോഗിക നടപടികളാണ് അറബ്-മുസ്‌ലിം രാഷ്ട്രങ്ങള്‍ അടിയന്തരമായി കൈക്കൊള്ളേണ്ടത്. അതിനുള്ള ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിന് അനുസരിച്ചായിരിക്കും ഫലസ്തീന്റെ ഭാവി. പല രാഷ്ട്രങ്ങളും ഇസ്രായേലുമായുള്ള തങ്ങളുടെ നയതന്ത്ര ബന്ധങ്ങള്‍ നിര്‍ത്തലാക്കുകയും ജനങ്ങള്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും ചില രാജ്യങ്ങളിലെ തൊഴിലാളി സംഘടനകള്‍ ഇസ്രായേലിലേക്ക് ആയുധ നിര്‍മാണ സാമഗ്രികളടക്കം കയറ്റിറക്കുന്നത് നിര്‍ത്തുകയും ചെയ്ത വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഇതിനിടെ ഇസ്രായേല്‍-ഹമാസ് യുദ്ധം നിര്‍ത്താന്‍ സമയമായെന്ന് മാര്‍പാപ്പ പോപ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നാണ് മാര്‍പാപ്പയുടെ മറ്റൊരാവശ്യം. അപ്പോഴും വര്‍ഷങ്ങളായി ഇസ്രായേല്‍ തടവിലിട്ടിരിക്കുന്ന ഫലസ്തീന്‍കാരെ കുറിച്ച് നിശ്ശബ്ദത പാലിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

Tags:    

Similar News