ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: വിദ്യാഭ്യാസ രംഗം നേരിടുന്ന ഗുരുതര പ്രതിസന്ധിയില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

വിദ്യാര്‍ഥികള്‍ അവരുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ഒന്നിച്ചുനിന്നു പോരാടുമ്പോള്‍ അവരെ ഭിന്നിപ്പിക്കാനും അജണ്ട മാറ്റാനുമുള്ള ശ്രമമാണിത്. ആണ്‍കുട്ടികളുടെ വേഷമാണ് മഹത്തരമെന്നു പറയാതെ പറയുന്ന രീതി പെണ്‍കുട്ടികളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കുമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന

Update: 2021-12-18 07:31 GMT

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ രംഗം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നതിന്റെ പിന്നിലെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. വിദ്യാര്‍ഥികള്‍ അവരുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ഒന്നിച്ചുനിന്നു പോരാടുമ്പോള്‍ അവരെ ഭിന്നിപ്പിക്കാനും അജണ്ട മാറ്റാനുമുള്ള ശ്രമമാണിത്. ആണ്‍കുട്ടികളുടെ വേഷമാണ് മഹത്തരമെന്നു പറയാതെ പറയുന്ന രീതി പെണ്‍കുട്ടികളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കും.

ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനും ഇഷ്ടമുള്ള ഭാഷ സംസാരിക്കാനും തുടങ്ങി വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനുമുള്ള മനസാണ് ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടത്. തനിക്ക് സൗകര്യപ്രദമായത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്. അതു തന്നെയാണ് പരിഷ്‌കൃതവും. സാധാരണയായി ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രമാണ് ശരിയെന്നും സൗകര്യപ്രദമെന്നുമുള്ള കാഴ്ചപ്പാടും അത് മാത്രം മഹത്തരമാണെന്ന് ഉത്‌ഘോഷിക്കലും വികലമായ ചിന്താഗതി വളര്‍ത്താനേ ഉപകരിക്കൂ.

അത് പെണ്‍കുട്ടിയുടെ സ്വത്വബോധത്തെ തന്നെ നിഷേധിക്കലാണ്. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും സര്‍ക്കാര്‍ നിഷേധിക്കരുത്. പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഏതെങ്കിലും തരത്തിലുള്ള വേഷം കെട്ടലിലൂടെയല്ല. ഇത് തിരിച്ചറിയാന്‍ വിദ്യാര്‍ഥി സമൂഹം തയ്യാറാവണം. പൊതു സമൂഹത്തില്‍ പെണ്‍കുട്ടികളെ അപഹാസ്യരാക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ഇര്‍ഷാന ആവശ്യപ്പെട്ടു.

Tags:    

Similar News