കൊവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനം; അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമെന്ന് യെച്ചൂരി

കൊവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് കെ കെ ശൈലജ ഫൗണ്ടേഷനോട് പറഞ്ഞു. ഇത് വ്യക്തിപരമല്ല.

Update: 2022-09-04 08:13 GMT

ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നൽകാൻ പരിഗണിച്ച മഗ്‌സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണ്. വ്യക്തിപരമല്ല. കെ കെ ശൈലജയെ അവാർഡിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

'കൊവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് കെ കെ ശൈലജ ഫൗണ്ടേഷനോട് പറഞ്ഞു. ഇത് വ്യക്തിപരമല്ല. എന്നാൽ അവാർഡ് വ്യക്തികൾക്കാണ് എന്നാണ് ഫൗണ്ടേഷൻ നിലപാട് അറിയിച്ചത്. ഇതിന് പുറമേ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ അവാർഡിനായി പരിഗണിക്കുന്നത്. സാധാരണയായി സാമൂഹ്യ പ്രവർത്തകരെയും മറ്റുമാണ് ഇതിനായി പരിഗണിക്കാറ്. ഇത് വരെ രാഷ്ട്രീയ നേതാക്കളെ അവാർഡിനായി പരിഗണിച്ചിട്ടില്ല. പാർട്ടിയുടെ ഉന്നത സമിതിയായ കേന്ദ്രകമ്മിറ്റിയിലെ അംഗമാണ് കെ കെ ശൈലജ.'- യെച്ചൂരിയുടെ വാക്കുകൾ ഇങ്ങനെ.

ഇതിന് പുറമേ രമൺ മഗ്‌സസെയുടെ രാഷ്ട്രീയവും അവാർഡ് നിരസിക്കാൻ കാരണമായതായി യെച്ചൂരി പറഞ്ഞു. ഫിലിപ്പൈൻസിൽ നിരവധി കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുന്നതിൽ നേതൃത്വം കൊടുത്തയാളാണ് രമൺ മഗ്‌സസെയെന്നും യെച്ചൂരി ഓർമ്മിപ്പിച്ചു.

Similar News