കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; 15 പേര്‍ക്ക് പരിക്ക്

Update: 2025-01-01 12:07 GMT

കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കുറുമാത്തൂര്‍ ചിന്‍മയ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നേദ്യ എസ് രാജേഷ് (11) എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചിരിക്കുന്നത്. വളക്കൈ വിയറ്റ്‌നാം റോഡിലാണ് അപകടം.പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ക്ലാസിന് ശേഷം വിദ്യാര്‍ഥികളുമായി മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്‌. സര്‍വീസ് റോഡില്‍ നിന്ന് സംസ്ഥാന ഹൈവേയിലേക്ക് പ്രവേശിക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.15 കുട്ടികളായിരുന്നു അപകടസമയത്ത് ബസിലുണ്ടായിരുന്നത്. അതില്‍ ഒരു കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയും ബസിനടിയില്‍പ്പെടുകയുമായിരുന്നു. നാട്ടുകാര്‍ ഉടനടി അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും കുട്ടികളെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു.

റോഡിന്റെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ സ്ഥിരം അപകടം ഉണ്ടാവാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു

Similar News