കേരള സര്‍ക്കാറിന്റെ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് യാഥാര്‍ഥ്യമാവുന്നു
കിന്‍ഫ്രയും സമാന ബിസിനസ്സ് ഗ്രൂപ്പുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കിന്‍ഫ്ര തോന്നക്കലും വര്‍ക്കലയിലും ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: ആയുര്‍വേദത്തെ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ പദ്ധതിയായ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് യാഥാര്‍ഥ്യമാവുന്നു. കിന്‍ഫ്രയും സമാന ബിസിനസ്സ് ഗ്രൂപ്പുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കിന്‍ഫ്ര തോന്നക്കലും വര്‍ക്കലയിലും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. തോന്നയ്ക്കലില്‍ തുടങ്ങുന്ന ആയുര്‍വേദ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ വിദേശികള്‍ക്ക് കൂടി ആയുര്‍വേദം പഠിക്കാനുതകുന്ന നോളജ് സെന്റര്‍, റിസര്‍ച്ച് സെന്റര്‍, ഫിനിഷിങ് സ്‌കൂള്‍ തുടങ്ങിയ സംരംഭങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തുടങ്ങുന്ന ആദ്യ പദ്ധതി പ്രമുഖ ബിസിനസ്സ് സ്ഥാപനമായ സമാന ബിസിനസ് ഗ്രൂപ്പാണ് പ്രമോട്ട് ചെയ്യുന്നത്. ഇതിന്റെ ലൈസന്‍സ് എഗ്രിമെന്റ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി എന്നിവരുടെ സാന്നിധ്യത്തില്‍ കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് സമാന ബിസിനസ് ഗ്രൂപ്പ് എംഡി ഒ എം എ എ റഷീദും ഒപ്പുവച്ചു.
സെബിയുടെ അംഗീകാരമുള്ള ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായ സമാന ഗ്ലോബല്‍ ഫണ്ട് (എസ്ജിഎഫ്-2020) ഉപയോഗിച്ച് കേരളത്തില്‍ തുടങ്ങുന്ന ആദ്യ പദ്ധതിയാണിത്. വിദേശനിക്ഷേപമടക്കം 50 കോടി രൂപയാണ് പദ്ധതിക്ക് ചെലവിടാനുദ്ദേശിക്കുന്നത്. ഡോക്ടര്‍ രാം കുമാര്‍ നേതൃത്വം നല്‍കുന്ന പ്രമുഖ ആയുര്‍വേദ സ്ഥാപനമായ വൈദ്യ ഗ്രാമത്തിന്റെ സംരംഭമായ 'പുനര്‍നവ'യാണ് പദ്ധതിയുടെ നോളജ് പാര്‍ട്ണര്‍. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഹോട്ടല്‍ ഡിമോറ, ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് അപ്പോളോ ബില്‍ഡേഴ്‌സ്, അന്‍സാം കണ്‍സ്ട്രക്ഷന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ സ്ഥാപനമായ സമാന സ്പീഷ്യസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് 'സിംടോട്‌സ്' എന്നീ സംരംഭങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന സമാനയുടെ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ആദ്യ സംരംഭമാണ് സമാന ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ്.
എന്‍എബിഎല്‍ സ്റ്റാന്‍ഡേര്‍ഡുള്ള മോഡേണ്‍ ലാബ് സംവിധാനം പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ ആരംഭിക്കുന്ന പദ്ധതി മുഖേന കേരളത്തില്‍ കൂടുതല്‍ വിദേശ വരുമാനം നേടാനാവും. ആയുര്‍വേദ കോഴ്‌സ് പൂര്‍ത്തീകരിച്ച ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള ഫിനിഷിങ് സ്‌കൂളും പദ്ധതിയുടെ പ്രത്യേകതയാണ്. ഇതുവഴി ലോകത്തില്‍ ആയുര്‍വേദത്തെ പ്രചരിപ്പിക്കാനാവും. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, സമാന ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ സിപി മൂസ ഹാജി, വര്‍ക്കല എംഎല്‍എ ജോയ്, സമാന ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ സാബിത് കൊരമ്പ, സീനിയര്‍ കോര്‍പറേറ്റ് ഡയറക്ടര്‍ പി വി സുധീഷ്, ഡയറകടര്‍മാരായ തജ്മഹല്‍ ഹുസയ്ന്‍, ബീരാന്‍കുട്ടി ഹാജി, ചെറിയാപ്പു ഹാജി, ഇ സി മുഹമ്മദ്, ആര്‍ക്കിടെക്ട് അശോക് കുമാര്‍ പങ്കെടുത്തു.