ഫേസ്ബുക്കിന് നല്ലത് സക്കര്‍ബര്‍ഗിന്റെ രാജി; മുന്‍ ജീവനക്കാരി ഹോഗന്‍

സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പേര്മാറ്റിയിട്ടും കാര്യമില്ലെന്നു പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടന്ന വെബ് ഉച്ചകോടിയില്‍ ഹോഗന്‍ പറഞ്ഞു

Update: 2021-11-02 06:13 GMT

ലിസ്ബണ്‍: സമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്കിന്റെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗിനും കമ്പനിയുടെ പേരുമാറ്റത്തിനുമെതിരേ വിമര്‍ശനമുന്നയിച്ച് മുന്‍ ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്‍. മാര്‍ക്ക് സക്കര്‍ബര്‍ഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലത്. സക്കര്‍ബര്‍ഗ് സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. സുരക്ഷയെക്കുറിച്ച് കൂടുതല്‍ ധാരണയുള്ള ഒരാള്‍ തലപ്പത്തേയ്ക്ക് എത്തിയാല്‍ കമ്പനിക്ക് ഗുണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.


ഫേസ്ബുക്കിന്റെ ആഭ്യന്തര പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടു പുറത്തുവിട്ടതിനുശേഷം ഹോഗന്‍ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പേര്മാറ്റിയിട്ടും കാര്യമില്ലെന്നു പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടന്ന വെബ് ഉച്ചകോടിയില്‍ ഹോഗന്‍ പറഞ്ഞു.

ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് കഴിഞ്ഞയാഴ്ചയാണ് 'മെറ്റ' എന്നാക്കിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളുടെ പേരുകള്‍ മാറില്ല.


ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും. സമൂഹിക മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോര്‍ട്ടുകള്‍ ഫേസ്ബുക്ക് സ്ഥിരമായി അവഗണിച്ചെന്ന് നേരത്തെ വിവാദമുണ്ടായിരുന്നു. യുഎസ് നേരിടുന്ന അടിയന്തര ഭീഷണി ഫേസ്ബുക്ക് ആണെന്ന ഹോഗന്റെ വെളിപ്പെടുത്തല്‍ കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.


ഇതിനിടയ്ക്കാണ് കമ്പനി പേരുമാറ്റി പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. വിവാദങ്ങളില്‍നിന്നു മുഖം രക്ഷിക്കാന്‍ കൂടിയാണ് റീബ്രാന്‍ഡിങ് എന്നും വിലയിരുത്തലുണ്ട്. ഭാവിയില്‍ വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം ഫേസ്ബുക്ക് നടപ്പാക്കിയേക്കും.കമ്പനിയുടെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തെ മുന്നോട്ട് പോകാനാവില്ലെന്ന് ഹോഗന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News