ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് ഒത്തുതീര്‍പ്പിലേക്ക്; നയപ്രഖ്യാപനത്തിന് ക്ഷണിക്കും

Update: 2023-01-04 08:03 GMT

തിരുവനന്തപുരം: നിയമപോരാട്ടത്തിന് വരെ വഴിവച്ച ഗവര്‍ണറുമായി മാസങ്ങളായി തുടര്‍ന്നുവരുന്ന പോര് അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. നിയമസഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഗവര്‍ണര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് ഗവര്‍ണറുമായി അനുനയത്തിലെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെയാണെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 13നാണ് 15ാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ചത്. പക്ഷേ, ഇക്കാര്യം ഇതുവരെ ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സഭാസമ്മേളനം നീട്ടിക്കൊണ്ടുപോയശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മേയിലേക്ക് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതോടെ സഭാ സമ്മേളനം പിരിഞ്ഞെന്ന കാര്യം ഇന്നുതന്നെ രാജ്ഭവനെ അറിയിക്കും.

ഈ മാസം അവസാനത്തോടെ എട്ടാം സമ്മേളനം ചേര്‍ന്നേക്കുമെന്നാണ് സൂചന. ഈ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാവും. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി വളരെ മോശം ബന്ധമാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായിരുന്നത്. വിവിധ വിഷയങ്ങളില്‍ ഇരുകൂട്ടരും പോരടിച്ച് മുന്നോട്ടുനീങ്ങുകയായിരുന്നു. സിപിഎമ്മും എല്‍ഡിഎഫും ഗവര്‍ണര്‍ക്കെതിരേ ശക്തമായ നിലപാട് എടുത്തും രാജ്ഭവന്‍ മാര്‍ച്ച് അടക്കം നടത്തിയും രംഗത്തുണ്ടായിരുന്നു. ഗവര്‍ണറും സര്‍ക്കാരുമായുള്ള പോര് കോടതികളില്‍ വരെയെത്തി. എന്നാലിപ്പോള്‍ ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറെടുത്തിരിക്കുകയാണ്.

Tags:    

Similar News