'കണ്ണൂര്‍ വിസി ക്രിമിനല്‍,തന്നെ കായികമായി നേരിടാന്‍ ഗൂഢാലോചന നടത്തി';ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍

മുമ്പ് ചരിത്രകോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നതായും,അത് വിസിയുടെ അറിവോടെയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

Update: 2022-08-21 07:05 GMT

കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.വിസിയുടെ പെരുമാറ്റം ക്രിമിനലിനെ പോലെയെന്നും, തന്നെ കായികമായി നേരിടാന്‍ വിസി ഗൂഢാലോചന നടത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.ഡല്‍ഹിയില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്ഭവന്‍ അംഗീകരിച്ച പരിപാടിയില്‍ വിസി മാറ്റം വരുത്തി. വിസി മാന്യതയുടെ അതിര്‍വരുമ്പുകള്‍ ലംഘിച്ചു. ഇതാണ് പരസ്യമായി വിമര്‍ശിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുമ്പ് ചരിത്രകോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നതായും,അത് വിസിയുടെ അറിവോടെയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നേരെ കൈയേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപോര്‍ട്ട് ചെയ്യാന്‍ പോലും വിസി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും പോലിസില്‍ റിപോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികള്‍ സ്വീകരിക്കുന്നത്. തന്റെ നടപടികള്‍ നിയമാനുസൃതമാണ്. വിസിക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എല്ലാ വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

Tags:    

Similar News