ഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരും

ഡല്‍ഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്.

Update: 2022-08-08 02:29 GMT

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍.ഡല്‍ഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്നും വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഗവര്‍ണര്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കാന്‍ ഉള്ള ഓര്‍ഡിനന്‍സില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനും സാധ്യത ഉണ്ട്.

വിസി നിയമനത്തില്‍ മാറ്റം വരുത്തുന്ന ഓര്‍ഡിനന്‍സിലുള്ള അതൃപ്തി ഗവര്‍ണ്ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം.

സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവര്‍ണ്ണര്‍ ഈ വിഷയത്തില്‍ ഉടക്കിട്ടത്. സര്‍ക്കാറിനെ മറികടന്ന് കേരള വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍, 11 ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചുനില്‍ക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പരമ പ്രധാനം. പക്ഷെ ഓര്‍ഡിനന്‍സിന്റെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവര്‍ണ്ണര്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ ഒരു സൂചനയും നല്‍കുന്നില്ല.

ഫലത്തില്‍ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണ്ണായകമാകും. പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓര്‍ഡിനന്‍സ് അനിശ്ചിതത്വത്തിലായത്.

നേരത്തെ വലിയ എതിര്‍പ്പ് ഉയര്‍ത്തിയ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയായിരുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ ഇത് വരെ പാസ്സാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയത്. ഇതിനിടെ വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഇതോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചത്.

ഓര്‍ഡിനന്‍സ് ലാപ്‌സാസായാല്‍ വീണ്ടും ഓര്‍ഡിനന്‍സ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷെ അപ്പോഴും ഗവര്‍ണ്ണര്‍ ഒപ്പിടണം. ഒരു തവണ തിരിച്ചയച്ച ഓര്‍ഡിനന്‍സ് വീണ്ടും സര്‍ക്കാര്‍ അയച്ചാല്‍ ഗവര്‍ണ്ണര്‍ക്ക് ഒപ്പിടാതെ പറ്റില്ല. പക്ഷെ ഇവിടെ ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. വിസി നിയമന ഓര്‍ഡിനന്‍സിലും സമാന നിലപാടാകും ഗവര്‍ണ്ണര്‍ സ്വീകരിക്കാന്‍ സാധ്യത. ഡല്‍ഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാന്‍ 12ന് മാത്രമേ തിരുവനന്തപുരത്ത് തിരിച്ചെത്തൂ.

Tags:    

Similar News