കേരളത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഗവര്‍ണറുടെ നീക്കം: മുഖ്യമന്ത്രി

Update: 2023-12-18 11:14 GMT

പുനലൂര്‍: ഗവര്‍ണര്‍ നടത്തുന്നത് കേരളത്തിന്റെ സമാധാനം തകര്‍ക്കാനുള്ള നീക്കമാണെന്നും പ്രകോപനപരമായ കാര്യങ്ങളാണ് ആരിഫ് മഹഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുനലൂരില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവര്‍ണറുടെ നടപടികള്‍ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി. സെനറ്റിലേക്ക് ആളെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ സര്‍വകലാശാലയില്‍നിന്ന് പാനല്‍ വാങ്ങി അതില്‍നിന്ന് നിയമിക്കുക എന്നതാണ് ചാന്‍സലര്‍മാര്‍ സ്വീകരിക്കേണ്ട നിലപാട്. സര്‍വകലാശാല നല്‍കാത്ത പേരുകള്‍ എവിടെനിന്നാണ് ചാന്‍സലര്‍ക്ക് കിട്ടുന്നത്. പാനലില്‍ വിവേചനാധികാരം ഉപയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍, പാനലിലില്ലാത്ത പേരുകള്‍ ഏത് കേന്ദ്രമാണ് നല്‍കിയത്. ആര്‍എസ്എസില്‍നിന്ന് കിട്ടിയ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മാധ്യമങ്ങള്‍തന്നെ മുമ്പ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ ജനപ്രതിനിധിയും മന്ത്രിയുമായിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ ഒരാള്‍ എങ്ങനെയാണ് പ്രതിഷേധിക്കുന്നവരെ ക്രിമിനല്‍സ് എന്ന് വിളിക്കുക. വിവേകമില്ലാത്ത നടപടിയാണിത്. ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാള്‍ക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാന്‍ പോയിട്ടുണ്ടോ?. എന്താണ് അതിന്റെ അര്‍ഥം. അദ്ദേഹത്തിന്റെ പ്രകടനംകണ്ട ഏതൊരാളും എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാവുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. ഞങ്ങള്‍ക്കുനേരെയും പലരും കരിങ്കൊടി വീശിയിരുന്നു. മറ്റുള്ളവര്‍ക്ക് നേരെ കൈവീശിയതുപോലെ കരിങ്കൊടിയുമായി വന്നവര്‍ക്ക് നേരെയും ഞാന്‍ കൈവീശി. അവരെ ചീത്ത പറയാന്‍ പോയില്ല. പ്രതിഷേധം അക്രമമാവരുതെന്ന് മാത്രമാണ് പറഞ്ഞത്. അത്തരം സാഹചര്യമുണ്ടായാല്‍ പോലിസ് ഇടപെടും. പിന്നീട് വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News