സാമൂഹിക ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2024-12-19 04:23 GMT

തിരുവനന്തപുരം: സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ജി ഷീജ കുമാരി, കെ എ സാജിത, പി ഭാര്‍ഗവി, കെ ലീല, കെ രജനി, നസീദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയ പണം തിരികെ പിടിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. 18 ശതമാനം പലിശയടക്കമാണ് തിരിച്ചു പിടിക്കുക.

നിലവില്‍ കൃഷി വകുപ്പില്‍ മാത്രമാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇത് അബദ്ധത്തില്‍ ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വളരെ ദുര്‍ബലരായ ജനതയ്ക്ക് വേണ്ടി നിശ്ചിയിച്ചിരിക്കുന്ന ഒന്നാണ്. അബദ്ധം പറ്റിയാല്‍ അത് മനസിലാക്കാം. പക്ഷേ, ഇത് അബദ്ധമാണെന്ന് തോന്നുന്നില്ല. ഇത് തിരിച്ചടയ്ക്കുകയും തുടര്‍നടപടികള്‍ നേരിടേണ്ടിവരികയും വേണം. എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും ഗൗരവകരമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Similar News