കോഴിക്കോട്: ഭൂഗര്‍ഭ ജലം ആറുമീറ്റര്‍ താഴ്ന്നതോടെ കേരളത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് റിപോര്‍ട്ട്. സംസ്ഥാന ഭൂജലവകുപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയാക്കിയ ഭൂഗര്‍ഭജല സാന്നിധ്യ റിപോര്‍ട്ടിലാണ് അപായമുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് ഭൂഗര്‍ഭജലം രണ്ടുമുതല്‍ ആറുമീറ്റര്‍വരെ താഴ്ന്നുവെന്നാണ് കണ്ടെത്തല്‍. തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍, ആര്‍ത്താറ്റ്, എളനാട്, വടക്കേത്തറ എന്നിവിടങ്ങളിലാണ് ആറുമീറ്റര്‍ വരെ ഭൂഗര്‍ഭജലം താഴ്ന്നതായി കണ്ടെത്തിയത്. ആദ്യമായാണ് ഇത്തരത്തില്‍ ഭൂഗര്‍ഭജലം താഴുന്നത്. 14 ജില്ലകളിലുമായി 756 കിണറുകളെയാണ് പഠനവിധേയമാക്കിയത്. ഇതില്‍ 340 കിണറുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കപ്പെട്ടവയാണ്. കടുത്തചൂടും വേനല്‍മഴയിലെ കുറവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഭൂഗര്‍ഭജലക്കുറവിന് കാരണമായിട്ടുണ്ട്.
അതേസമയം, തൃശൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വയനാട്ടിലെ തിരുനെല്ലി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂത്താടി, നെന്മേനി, നൂല്‍പ്പുഴ, മേപ്പാടി എന്നീ പ്രദേശങ്ങളിലും കട്ടപ്പന, നെടുങ്കണ്ടം, അഴുത, തൊടുപുഴ, എളംദേശം, ചിറ്റൂര്‍, ആലത്തൂര്‍, പട്ടാമ്പി, കോതമംഗലം, കൂത്താട്ടുകുളം, പാമ്പാക്കുട, മൂവാറ്റുപുഴ, പത്തനംതിട്ട, റാന്നി, കോയിപ്പുറം, മാവേലിക്കര, കറ്റാനം, രാമങ്കരി, നങ്ങ്യാര്‍കുളങ്ങര, മുളക്കുഴ, കാര്‍ത്തികപ്പള്ളി, മുഖത്തല, കൊട്ടാരക്കര, ചടയമംഗലം, ചിറ്റുമല ബ്ലോക്കുകളിലും കരുനാഗപ്പള്ളി നഗരസഭയിലും കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.