ഗുജറാത്ത്: മതപരിവര്‍ത്തനം ആരോപിച്ച് പ്രവാസിയടക്കം ഒമ്പത് പേര്‍ക്കെതിരേ കേസ്
അമോഡിലെ കന്‍കരിയ ഗ്രാമവാസികളായ വാസവ ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 37 കുടുംബങ്ങളില്‍ നിന്ന് 100ല്‍ അധികം പേരെ പണം നല്‍കി മതം മാറ്റിയെന്നാണ് ആരോപണം.
അഹമ്മദാബാദ്: ആദിവാസി വിഭാഗത്തിലുള്ളവരെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഒമ്പത് പേര്‍ക്കെതിരേ കേസ്. ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. അമോഡിലെ കന്‍കരിയ ഗ്രാമവാസികളായ വാസവ ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 37 കുടുംബങ്ങളില്‍ നിന്ന് 100ല്‍ അധികം പേരെ പണം നല്‍കി മതം മാറ്റിയെന്നാണ് ആരോപണം. ലണ്ടനില്‍ താമസമാക്കിയ തദ്ദേശീയനായ ഒരാള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരേയാണ് അമോഡ് പോലിസ് കേസെടുത്തത്.
ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കാനായി വിദേശത്ത് നിന്ന് പണം സ്വരൂപിച്ചെന്നും പോലിസ് അവകാശപ്പെട്ടു. ആദിവാസി വിഭാഗത്തിന്റെ സാമ്പത്തിക പരാധീനത മുതലാക്കിയാണ് മതപരിവര്‍ത്തനം നടന്നതെന്നാണ് പോലിസ് വാദം. വിദ്യാഭ്യാസം കുറഞ്ഞ ആദിവാസി സമൂഹത്തില്‍ ഏറെക്കാലത്തെ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു മതപരിവര്‍ത്തനം. പ്രദേശവാസികള്‍ തന്നെയാണ് മതപരിവര്‍ത്തനത്തിന് മുന്‍കൈ എടുത്തത്. ഇവരില്‍ ഒരാളായ ഫെഫ്ദാവാല ഹാജി അബ്ദുള്‍ നിലവില്‍ ലണ്ടനിലാണ് താമസിക്കുന്നത്. ഇയാളാണ് മതപരിവര്‍ത്തനത്തിന് വേണ്ടി പണം സമാഹരിച്ചതെന്നാണ് പോലിസ് പറയുന്നത്.
മതപരിവര്‍ത്തിനത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്.മതപരിവര്‍ത്തനം തടയുന്നതിനും ക്രിമിനല്‍ ഗൂഡാലോചനയ്ക്കും സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.