വിരമിച്ചതിനു പിന്നാലെ ഗുജറാത്തിലെ ഐപിഎസ് ഓഫിസര്‍ ബിജെപിയിലേക്ക്

അംറലേയില്‍ നടന്ന ബിജെപി പരിപാടിയില്‍ സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പട്ടേല്‍ ആണ് ഹരികൃഷ്ണ പട്ടേലിന്റെ ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്.

Update: 2021-11-16 06:08 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ ഹരികൃഷ്ണ പട്ടേല്‍ ബിജെപിയിലേക്ക്. അംറേലി ജില്ലക്കാരനാണ് ഹരികൃഷ്ണ പട്ടേല്‍ അടുത്തിടെയാണ് അദ്ദേഹം സര്‍വീസില്‍നിന്നു വിരമിച്ചത്. അംറലേയില്‍ നടന്ന ബിജെപി പരിപാടിയില്‍ സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പട്ടേല്‍ ആണ് ഹരികൃഷ്ണ പട്ടേലിന്റെ ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്. 1999 ബാച്ചിലെ ഐപിഎസ് ഓഫിസറാണ് ഹരികൃഷ്ണ പട്ടേല്‍. വഡോദര റേഞ്ചില്‍ ഐജി ആയിരിക്കെ ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തിലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്.

ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായും നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഹരികൃഷ്ണ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തന്റെ പിതാവ് ബിജെപിക്കാരനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയില്‍ ചേരുന്നതെന്നും ഹരികൃഷ്ണ പട്ടേല്‍ പറഞ്ഞു. ഗുജറാത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലടക്കം ഏറെകാലം പ്രവര്‍ത്തിച്ച ഐപിഎസ് ഓഫിസറാണ് ഹരികൃഷ്ണ പട്ടേല്‍.

ദലിതുകളെ വെടിവച്ച് കൊന്ന സംഭവത്തില്‍ വിവാദത്തിലകപ്പെട്ടു

നേരത്തെ ദലിതുകളെ വെടിവച്ച കൊന്ന പോലിസ് നടപടിയില്‍ വിമര്‍ശനം നേരിട്ട ഓഫിസര്‍ കൂടിയാണ് ഹരികൃഷ്ണ പട്ടേല്‍. 2012ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് വെടിവയ്പുണ്ടായത്. സുരേന്ദ്ര നഗര്‍ ജില്ലയിലെ തങ്കദിലായിരുന്നു വെടിവയ്പുണ്ടായത്. അന്ന് ജാംനഗര്‍ എസ്പിയായിരുന്നു ഹരികൃഷ്ണ പട്ടേല്‍. സുരേന്ദ്ര നഗറിലെ പോലിസ് സൂപ്രണ്ടിന് മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതല നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹരികൃഷ്ണ പട്ടേലിനെ തങ്കദില്‍ ദലിത് പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് നിയോഗിച്ചത്. പട്ടേലിന്റെ നിര്‍ദേശ പ്രകാരം നടന്ന വെടിവയ്പ്പില്‍ രണ്ടു ദലിതുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ മാസം തന്നെ ബിജെപിയില്‍ ചേരുമെന്ന് ഹരികൃഷ്ണ പട്ടേല്‍ പറയുന്നത്. ഗുജറാത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നിരവധി ഐപിഎസ് ഓഫിസര്‍മാര്‍ രാഷ്ട്രീയത്തിലിറങ്ങിയിരുന്നു.

Tags:    

Similar News