ഗുജറാത്ത് മന്ത്രിയുടെ തിരഞ്ഞെടുപ്പ് ജയം ഹൈക്കോടതി അസാധുവാക്കി
അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്കയില്‍ നടന്ന മല്‍സരത്തില്‍ 327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചുദാസാമ വിജയിച്ചത്
അഹമ്മദാബാദ്: ബിജെപി നേതാവും ഗുജറാത്ത് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയുമായ ഭൂപേന്ദ്രസിങ് ചുദാസാമയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ചുദാസാമ വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി. മുതിര്‍ന്ന കാബിനറ്റ് അംഗമായ ചുദാസാമയ്‌ക്കെതിരായ ഹൈക്കോടതി വിധി വിജയ് രൂപാണി സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ്. വിജയ് രൂപാനി സര്‍ക്കാരിലെ വിദ്യാഭ്യാസം, നിയമം, നീതി, നിയമ നിര്‍മാണ, പാര്‍ലമെന്ററി കാര്യങ്ങള്‍, മറ്റ് പല വകുപ്പുകള്‍ എന്നിവയുടെ ചുമതലയാണ് ചുദാസാമ വഹിച്ചിരുന്നത്. ധോല്‍ക്ക നിയോജകമണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്രസിങ വിജയിച്ചത്. മന്ത്രി സ്ഥാനത്തിനരിക്കെ ഒരു അംഗത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കുന്നത അപൂര്‍വ സംഭവമാണെന്നു കരുതുന്നു. 429 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ നിയമവിരുദ്ധമായി റദ്ദാക്കിയെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും ചുദാസാമയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ അശ്വിന്‍ റാത്തോഡ് ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പരേഷ് ഉപാധ്യായ അംഗീകരിച്ചതായി അഹമ്മദാബാദ് മിറര്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ഇനി ചുദാസാമയ്ക്ക് സുപ്രിംകോടതിയെ സമീപിക്കേണ്ടി വരും.
തെറ്റായ രീതിയിലാണ് ചുദാസാമ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അശ്വിന്‍ റാത്തോഡ് ഹരജി നല്‍കിയിരുന്നത്. വോട്ടെണ്ണുന്നതില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്നും 429 തപാല്‍ ബാലറ്റുകള്‍ വീണ്ടും പരിശോധിക്കണമെന്നും റാത്തോഡ് ആവശ്യപ്പെട്ടപ്പോള്‍ റിട്ടേണിങ ഓഫിസര്‍ നിരസിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ വിഡിയോ ദൃശൃങ്ങളും സിസിടിവി കാമറകളിലെ വീഡിയോ ദൃശ്യങ്ങളും സമര്‍പ്പിക്കാത്തതിന് കോടതി റിട്ടേണിങ് ഓഫിസറെ നേരത്തെ വിമര്‍ശിച്ചിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ദൃശ്യത്തില്‍ ചുദാസാമയുടെ അസി. പേഴ്‌സണല്‍ സെക്രട്ടറി ധര്‍മിന്‍ മേത്ത അനധികൃതമായി പ്രവേശിക്കുന്നതായും പോളിങ് ഏജന്റ് മഹേന്ദര്‍സിങ് മണ്ടോരയുമായി ഫോണ്‍സംഭാഷണം നടത്തുന്നതായും കണ്ടെത്തിയിരുന്നു.
അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്കയില്‍ നടന്ന മല്‍സരത്തില്‍ 327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചുദാസാമ വിജയിച്ചത്. ചുദാസാമയെ അനധികൃതമായി വിജയിപ്പിക്കാന്‍ റിട്ടേണിങ് ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ ധവാല്‍ ജാനി വോട്ടെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിച്ചെന്ന ഗുരുതര ആരോപണനും റാത്തോഡ് ഉന്നയിച്ചിരുന്നു. വോട്ടെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് റിട്ടേണിങ് ഓഫിസര്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.