മദ്യപിച്ച് ചൂതാട്ടം; ബിജെപി എംഎല്‍എയും 25 പേരും അറസ്റ്റില്‍; പിടിയിലായവരില്‍ ഏഴു സ്ത്രീകളും, അതില്‍ നാലുപേര്‍ നേപ്പാള്‍ സ്വദേശിനികള്‍

ആറ് കുപ്പി വിദേശ നിര്‍മിത മദ്യവും ചൂതാട്ട ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. മദ്യപാനവും ചൂതാട്ടവും നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്.

Update: 2021-07-02 13:11 GMT

സൂറത്ത്: ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട ബിജെപി എംഎല്‍എയും കൂട്ടാളികളും അറസ്റ്റില്‍. ഗുജറാത്തിലെ എംഎല്‍എയായ കേസരി സിങ് സോളങ്കിയും 25 പേരുമാണ് അറസ്റ്റിലായത്. പഞ്ചമഹല്‍ ജില്ലയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരില്‍ ഏഴു സ്ത്രീകളും ഉള്‍പ്പെടുന്നു, അതില്‍ നാലുപേര്‍ നേപ്പാള്‍ സ്വദേശികളാണ്. ആറ് കുപ്പി വിദേശ നിര്‍മിത മദ്യവും ചൂതാട്ട ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. മദ്യപാനവും ചൂതാട്ടവും നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്. കേദ ജില്ലയിലെ മാതാര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കേസരി സിങ്.

ലോക്കല്‍ ക്രൈംബ്രാഞ്ചും പവഗഡ് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടില്‍ വച്ച് ചൂതാട്ടത്തിലും മദ്യപാനത്തിലും ഏര്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു അറസ്റ്റ്.

എംഎല്‍എയും മറ്റ് 25 പേരും ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് പിടികൂടിയതെന്ന് െ്രെകംബ്രാഞ്ച് എസ്‌ഐ രാജ്ദീപി സിങ് ജഡേജ പറഞ്ഞു. ഇവരില്‍ നിന്ന് വിദേശമദ്യവും കണ്ടെടുത്തതായും വ്യാഴാഴ്ച ഉച്ചയോടെ ഏഴ് സ്ത്രീകള്‍ക്കൊപ്പമാണ് എംഎല്‍എ റിസോര്‍ട്ടില്‍ എത്തിയതെന്നും പോലിസ് പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ തങ്ങളുടെ എംഎല്‍എ ചൂതാട്ടത്തിലും മദ്യപാനത്തിലും ഏര്‍പ്പെട്ടത് ബിജെപിക്ക് തിരിച്ചടിയാവും.


Tags:    

Similar News