ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്; പ്രതീക്ഷയോടെ പാര്‍ട്ടികള്‍
81 മുനിസിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 ബ്ലോക്ക് പഞ്ചായത്തുകള്‍, എന്നിവിടങ്ങളിലായി 8,235 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 81 മുനിസിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 ബ്ലോക്ക് പഞ്ചായത്തുകള്‍, എന്നിവിടങ്ങളിലായി 8,235 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 28നു നടന്ന തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളിലേക്ക് 58.82 ശതമാനവും ജില്ലാ പഞ്ചായത്തുകളില്‍ 65.80 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 66.60 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.
അഹമ്മദാബാദ്, സൂററ്റ്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍ എന്നീ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയിരുന്നു. സൂറത്തില്‍ 27 സീറ്റുകള്‍ നേടി ആം ആദ്മി മികച്ച മുന്നേറ്റം കാഴ്ചവച്ചിരുന്നു.
ഗോത്രവര്‍ഗക്കാര്‍ക്കു ആധിപത്യമുള്ള പഞ്ചമഹല്‍, ചോട്ടാ ഉദെപൂര്‍ മേഖലകളില്‍ നാട്ടുകാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഗുജറാത്തിലെ 81 മുനിസിപ്പാലിറ്റികളിലും 31 ജില്ലാ പഞ്ചായത്തുകളിലും 231 ബ്ലോക്ക് പഞ്ചായത്തുകളിലുമായി ആകെ 8,474 സീറ്റുകളാണുള്ളത്. ഇതില്‍ 237 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് സീറ്റുകളില്‍ മല്‍സരം നടന്നിട്ടില്ല.ആകെ 8,235 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.