ഗുജറാത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ മേല്‍ജാതിക്കാര്‍ തല്ലിച്ചതച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ തല്ലിച്ചതച്ചു. കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിന് സമീപമുള്ള ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ആറംഗ ദലിത് കുടുംബത്തെ ഇരുപതോളം വരുന്ന പ്രദേശവാസികളായ മേല്‍ജാതിക്കാര്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. കര്‍ഷക കുടുംബത്തിന്റെ കൃഷിയും ഇവര്‍ നശിപ്പിച്ചു. ഭചൗ പോലിസ് സ്റ്റേഷന് കീഴിലുള്ള നേര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് ദലിത് കുടുംബം ആക്രമണത്തിനിരയായത്. സംഭവത്തില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 20 ഓളം പേര്‍ക്കെതിരേ കേസെടുത്തതായും പോലിസ് അറിയിച്ചു. അഞ്ചുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് വ്യക്തമാക്കി. ദലിതനായ ഗോവിന്ദ് വഗേലയും കുടുംബവും ഒക്ടോബര്‍ 20നാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ഇത് പ്രദേശത്തെ മേല്‍ജാതിക്കാരായ ഹിന്ദുക്കളെ രോഷാകുലരാക്കി. ആദ്യം അവര്‍ വഗേലയുടെ ഫാമിലെ കൃഷികള്‍ നശിപ്പിച്ചു. ഇതിനെതിരേ അദ്ദേഹവും കുടുംബാംഗങ്ങളും പ്രതിഷേധിച്ചപ്പോഴാണ് പൈപ്പുകളും വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന്റെ പേരില്‍ ഗോവിന്ദ് വഗേലയും അദ്ദേഹത്തിന്റെ പിതാവ് ജഗഭായിയും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കുറ്റവാളികളെ പിടികൂടാന്‍ തങ്ങൾ എട്ട് ടീമുകളെ രൂപീകരിച്ചതായി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് കിഷോര്‍സിന്‍ഹ് സാല പറഞ്ഞു. കാന അഹിര്‍, രാജേഷ് മഹാരാജ്, കേസരബായ്, പബ റാബാരി, കാന കോലി എന്നിവരുള്‍പ്പെടെ 20 പേരടങ്ങുന്ന സംഘത്തിനെതിരേ കൊലപാതകശ്രമം, കൊള്ളയടിക്കല്‍, കവര്‍ച്ച, ആക്രമണം, എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പ്രതികള്‍ കുടുംബത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും പരാതിക്കാരന്റെ റിക്ഷ കേടുവരുത്തുകയും ചെയ്തതായി പരാതിയുണ്ട്. ഒരു 'പ്രതിഷ്ഠാ' ചടങ്ങ് നടക്കുമ്പോള്‍ ഞങ്ങള്‍ എന്തിനാണ് രാമക്ഷേത്രത്തില്‍ പ്രവേശിച്ചതെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് കുടുംബം പറയുന്നു. മാതാവ് ബാധിബെന്‍, പിതാവ് ജഗഭായി, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവരെ സംഘം ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കും മറ്റ് ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഭുജിലെ ജനറല്‍ ആശുപത്രിയിലാണ് ചികില്‍സ തേടിയത്.