ബിജെപി അംഗങ്ങള്‍ മതപരമായി അപമാനിച്ചെന്ന് ഗുജറാത്ത് നിയമസഭയിലെ ഏക മുസ്‌ലിം എംഎല്‍എ

Update: 2025-03-25 01:28 GMT
ബിജെപി അംഗങ്ങള്‍ മതപരമായി അപമാനിച്ചെന്ന് ഗുജറാത്ത് നിയമസഭയിലെ ഏക മുസ്‌ലിം എംഎല്‍എ

അഹമദാബാദ്: ഗുജറാത്ത് നിയമസഭയിലെ ബിജെപി അംഗങ്ങള്‍ മുസ്‌ലിംകളെ മോശക്കാരായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് നിയമസഭയിലെ ഏക മുസ്‌ലിം അംഗം സ്പീക്കര്‍ക്ക് പരാതി നല്‍കി. അഹമ്മദാബാദിലെ ജമാല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേദവാലയാണ് പരാതി നല്‍കിയിരിക്കുന്നത്. ഭരണകക്ഷിയായ ബിജെപിയിലെ ചില അംഗങ്ങള്‍ തന്നെ '' പ്രത്യേക സമുദായത്തില്‍ നിന്നുള്ളയാള്‍'' എന്നു വിളിച്ചുവെന്നാണ് പരാതി. ഇതേതുടര്‍ന്ന് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് സാമാജികര്‍ വിട്ടുനില്‍ക്കണമെന്ന് സ്പീക്കര്‍ ശങ്കര്‍ ചൗധുരി അഭ്യര്‍ത്ഥിച്ചു.

അഹമ്മദാബാദ് നഗരത്തില്‍ നിര്‍മിക്കാന്‍ പോവുന്ന മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ ഇമ്രാന്‍ ഖേദവാല ചോദ്യം ചോദിച്ചിരുന്നു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം 1,295.39 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചെന്നും 2027ഓടെ പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. റോഡിലെ കൈയേറ്റങ്ങളുടെ എണ്ണം ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും പണി ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതും എന്നും മന്ത്രി ജഗദീഷ് വിശ്വകര്‍മ പറഞ്ഞു.

''റോഡിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെങ്കില്‍, എനിക്ക് താങ്കളുടെ സഹായം തേടേണ്ടിവരുമെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഒരു റോഡില്‍ മാത്രം 700ലധികം നോണ്‍വെജ് കച്ചവടക്കാരും കിയോസ്‌ക്കുകളുമുണ്ട്. 1,200ലധികം റിക്ഷകള്‍ ആ റോഡില്‍ കിടക്കുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ 11 ഗാരേജുകള്‍ അവിടെയുണ്ട്, അവയെല്ലാം നിയമവിരുദ്ധമാണ്. ഒരു പ്രത്യേക സമുദായത്തിന്റെ ആറ് മതപരമായ കയ്യേറ്റങ്ങളും അവിടെയുണ്ട്. ഒരു പ്രത്യേക സമുദായം സംസ്ഥാനം മുഴുവന്‍ കൈയ്യേറ്റങ്ങള്‍ നടത്തുകയാണ്. ഇമ്രാന്‍ഭായി, നിങ്ങളുടെ സമുദായം തെറ്റായ കയ്യേറ്റങ്ങള്‍ ചെയ്യാതിരിക്കേണ്ടത് നിങ്ങളുടെ കടമയാണ്.''-ജഗദീഷ് വിശ്വകര്‍മ പറഞ്ഞു.

തന്നെ പ്രത്യേക മതത്തില്‍ നിന്നുള്ള ആളായി ചിത്രീകരിക്കാന്‍ ബിജെപി എംഎല്‍എ അമിത് പി ഷാ നേരത്തെ ശ്രമിച്ചിരുന്നതായി ഇമ്രാന്‍ ഖേദവാല സ്പീക്കറോട് പറഞ്ഞു. സംസ്ഥാനത്തെ 182 എംഎല്‍എമാരിലെ ഒരേയൊരു മുസ്‌ലിം എംഎല്‍എയാണ് ഞാന്‍. ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് സമൂഹത്തിന്റെയും ഗുജറാത്തിന്റെയും പ്രശ്‌നങ്ങള്‍ ഞാന്‍ ഉന്നയിക്കുന്നു. എനിക്കെതിരെ അത്തരം കാര്യങ്ങള്‍ പറയാന്‍ അനുവദിക്കരുത്. അങ്ങനെ പറയുന്നതില്‍ സങ്കടമുണ്ട്.''- ഇമ്രാന്‍ ഖേദവാല പറഞ്ഞു.

മാര്‍ച്ച് 19ന്, ആഭ്യന്തര വകുപ്പിന്റെ ബജറ്റ് ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ 'നിങ്ങളുടെ ന്യൂനപക്ഷ സമുദായത്തില്‍' നിന്നുള്ള ആളുകളാണ് ഹരേന്‍ പാണ്ഡ്യയുടെ കൊലയാളികള്‍ എന്ന് അമിത് പി ഷാ സഭയില്‍ പറഞ്ഞിരുന്നു.

Similar News