ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയി; മലയാളി അടക്കം പത്ത് ജീവനക്കാര്‍ തടങ്കലില്‍

Update: 2025-03-25 01:48 GMT
ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയി; മലയാളി അടക്കം പത്ത് ജീവനക്കാര്‍ തടങ്കലില്‍

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ തീരത്ത് ചരക്കുക്കപ്പല്‍ തട്ടിക്കൊണ്ടുപോയി. ഒരു മലയാളി അടക്കം പത്ത് ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. പത്തുപേരില്‍ ഏഴു പേര്‍ ഇന്ത്യക്കാരാണ്. കാസര്‍കോട് സ്വദേശി രജീന്ദ്രന്‍ ഭാര്‍ഗവന്‍ (35), ലക്ഷദ്വീപുകളിലെ മിനിക്കോയ് ദ്വീപിലെ ആസിഫ് അലി, തമിഴ്‌നാട്ടിലെ തേനി സ്വദേശി ലക്ഷ്മണ പ്രദീപ് മുരുഗന്‍, കാരൂര്‍ സ്വദേശി സതീഷ് കുമാര്‍ ശെല്‍വരാജ്, ബിഹാര്‍ സ്വദേശി സന്ദീപ് കുമാര്‍ സിങ്, മഹാരാഷ്ട്രയിലെ മിര്‍ക സമീന്‍ ജാവേദ്, സോല്‍ക്കര്‍ റിഹാന്‍ ഷബീര്‍, റുമാനിയക്കാരായ മൂന്നു പേര്‍ എന്നിവരാണ് കടല്‍ക്കൊള്ളക്കാരുടെ നിയന്ത്രണത്തിലുള്ളത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ലോം തുറമുഖത്ത് നിന്ന് കാമറൂണിലേക്ക് പോവുകയായിരുന്ന ബിത്തു റിവര്‍ എന്ന കപ്പലിനെ മാര്‍ച്ച് 17ന് വൈകീട്ട് 7.45ന് സാന്റോ അന്റോണിയോ ഡോ പ്രിന്‍സിപ് എന്ന ദ്വീപിന് 40 നോട്ടിക്കല്‍ മൈല്‍ തെക്ക് കിഴക്ക് വച്ചാണ് ആക്രമിച്ചത്. അടിമുടി ആയുധമണിഞ്ഞ കടല്‍ക്കൊള്ളക്കാര്‍ കപ്പലിന് നേരെ വരുകയായിരുന്നു. ഇതോടെ കപ്പലിനെ സുരക്ഷിതമാക്കാന്‍ ക്യാപ്റ്റന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ജീവനക്കാര്‍ കീഴടങ്ങി.

Similar News