ഗ്യാന്‍വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനില്‍ക്കരുത്- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2022-05-18 16:21 GMT

തിരുവനന്തപുരം: ഗ്യാന്‍വാപി മസ്ജിദ് വിവാദത്തില്‍ ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനില്‍ക്കരുതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാന്‍വാപി മസ്ജിദിനെ മറ്റൊരു ബാബരി മസ്ജിദാക്കി മാറ്റാനുള്ള ആസൂത്രിത നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ദേശീയ സമിതി അംഗം അര്‍ഷദ് മുഹമ്മദ് നദ്‌വി പറഞ്ഞു.


 മസ്ജിദ് കൈവശപ്പെടുത്താന്‍ കാലങ്ങളായി ഹിന്ദുത്വഭീകരര്‍ ശ്രമം നടത്തിവരികയാണ്. ഗ്യാന്‍വാപി പള്ളിയുടെ കിണറ്റില്‍ ശിവലിംഗം കണ്ടെത്തിയെന്ന പ്രചരണം ഏറ്റുപിടിച്ച് സര്‍വേ റിപോര്‍ട്ട് വായിച്ചുനോക്കാന്‍ പോലും കാത്തുനില്‍ക്കാതെ വാരാണസി സിവില്‍ കോടതി അതിവേഗം തീരുമാനമെടുക്കുകയും വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ബാബരിക്ക് ശേഷം ആയിരക്കണക്കിന് പള്ളികളില്‍ അവകാശവാദമുന്നയിക്കാനും രാജ്യത്തെ മുഴുവനും കലാപഭൂമിയാക്കാനുമുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണ് നിര്‍ഭാഗ്യവശാല്‍ കോടതി പിന്തുണയോടെ നടപ്പാക്കപ്പെടുന്നത്.

ഈ പശ്ചാത്തലത്തില്‍ ഗ്യാന്‍വാപി മസ്ജിദ് ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി എം ഫത്ഹുദ്ദീന്‍ റഷാദി അധ്യക്ഷത വഹിച്ചു. ഹാഫിസ് നിഷാദ് റഷാദി, അബ്ദുല്‍ ഹാദി മൗലവി, ഫിറോസ് ഖാന്‍ ബാഖവി, നിസാര്‍ ബാഖവി അഴിക്കോട്, സൈനുദ്ദീന്‍ ബാഖവി, അബ്ദുല്‍ റഷീദ് മൗലവി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News