ഗ്യാന്‍വാപി മസ്ജിദ് വിധി; ന്യൂനപക്ഷ ആരാധനാലയങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയെ ശക്തിപ്പെടുത്തും: പോപുലര്‍ ഫ്രണ്ട്

മറ്റുള്ളവരുടെ മതപരമായ സ്ഥലങ്ങളിലും സ്വത്തുക്കളിലും അവകാശവാദം ഉന്നയിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.

Update: 2022-09-12 18:03 GMT

കോഴിക്കോട്: ഗ്യാന്‍വാപി പള്ളിയോട് ചേര്‍ന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ കക്ഷികള്‍ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കുമെന്ന വാരാണസി ജില്ല കോടതി വിധി ന്യൂനപക്ഷ അവകാശങ്ങള്‍ക്കെതിരായ ഫാഷിസ്റ്റ് ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം പ്രസ്താവനയില്‍ പറഞ്ഞു. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ചെയ്ത പോലെ മതപരമായ വസ്തുക്കളില്‍ വിഭാഗീയ രാഷ്ട്രീയം ഒഴിവാക്കാനായി കൊണ്ടുവന്ന 1991-ലെ ആരാധനാലയ നിയമത്തെ ഈ വിധിയില്‍ അവഗണിച്ചിരിക്കുന്നു. ഈ ഹരജി തന്നെ ദുരുദ്ദേശ്യപരവും വര്‍ഗീയമായ പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവരുടെ മതപരമായ സ്ഥലങ്ങളിലും സ്വത്തുക്കളിലും അവകാശവാദം ഉന്നയിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. ഈ അപകടകരമായ പ്രവണതയ്ക്ക് ശാശ്വതമായ അന്ത്യമാണ് രാജ്യത്തിന് ഇപ്പോള്‍ വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനമാണ് കോടതി ഇപ്പോള്‍ എടുത്തിരിക്കുന്നത്.

ഈ ഹരജിയെ പ്രോൽസാഹിപ്പിക്കുന്നതിലൂടെ, നിരപരാധികളെ കൊലപ്പെടുത്തുന്നതിനും രാജ്യമൊന്നാകെ നശിപ്പിക്കുന്നതിനും ബാബരി മസ്ജിദ് കേസിനെ പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സമൂഹത്തെ ധ്രുവീകരിക്കാന്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് കോടതി പരിഗണിച്ചില്ല. നിലവിലെ കോടതിവിധി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വ്യാജ അവകാശവാദങ്ങളും പ്രോൽസാഹിപ്പിക്കുമെന്നും ഒ എം എ സലാം പറഞ്ഞു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിക്ക് നേരെയുള്ള കയ്യേറ്റത്തിനെതിരേ പള്ളിയെ സംരക്ഷിക്കാന്‍ മസ്ജിദ് കമ്മിറ്റി നടത്തുന്ന സമരങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് പിന്തുണ നല്‍കുമെന്നും ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

Similar News