ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളെന്ന് കരുതുന്ന നാല് പേരെ വെടിവെച്ച് കൊന്നു

Update: 2021-07-08 06:15 GMT

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് സാവനല്‍ മായിസിനെ വീട്ടില്‍ കയറി വെടിവെച്ച് കൊന്ന സംഘത്തിലെ നാല് പേരെ വെടിവെച്ച് കൊന്നതായി പോലിസ് മേധാവി. സംഘത്തിലെ രണ്ട് പേരെ പിടികൂടിയെന്നും ലിയോണ്‍ ചാള്‍സ് വ്യക്തമാക്കി. പ്രസിഡന്റിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അക്രമി സംഘം തടങ്കലിലാക്കിയ മൂന്ന് പോലിസുകാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് സാവനല്‍ മായിസിനെ അക്രമികള്‍ വീടിനകത്ത് കടന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അക്രമികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹെയ്തി സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ അടിയന്തിര യോഗം ചേരും. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഭീതിയിലാണ് ഇവിടെയുള്ള ജനം.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സാവനലിനെതിരെ ഈ വര്‍ഷമാദ്യം രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സാവനല്‍ മായിസ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

രാജ്യത്തെ സ്ഥിതിഗതികള്‍ പോലിസിന്റെയും സൈന്യത്തിന്റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി. ദരിദ്ര രാഷ്ട്രമായ ഹെയ്ത്തി ഏകാധിപത്യത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും പേരുകേട്ട ഇടമാണ്. പ്രസിഡന്റിന്റെ കൊലപാതകത്തെ തുടര്‍ന്ന് തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സ് നഗരം വിജനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

53 കാരനായ മുന്‍ ബിസിനസുകാരന്‍ മായിസ് 2017ലാണ് അധികാരമേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് പോര്‍ട്ട് പ്രിന്‍സിലെ വസതിയില്‍ ആയുധധാരകള്‍ അധിക്രമിച്ച് കയറിയത്. വെടിവയ്പ്പില്‍ ഭാര്യ മാര്‍ട്ടിന്‍ മായിസിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Tags:    

Similar News