ഹജ്ജ് 2022: തീര്‍ഥാടകരുമായുള്ള ആദ്യ വിമാനം നെടുമ്പാശേരിയില്‍ നിന്നും ശനിയാഴ്ച
377 യാത്രക്കാരുമായിട്ടാണ് ആദ്യ വിമാനം പുറപ്പെടുന്നത്.സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍ ആദ്യ വിമാനത്തിന്റെ ഫ് ളാഗ് ഓഫ് നിര്‍വ്വഹിക്കും
കൊച്ചി : 2022 ലെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനുളള തീര്‍ഥാടകരുമായി സര്‍ക്കാര്‍ മുഖേന പുറപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനം ശനിയാഴ്ച രാവിലെ 8.30ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുമെന്ന് കേരള സംസ്ഥാന ഹജജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.377 യാത്രക്കാരുമായിട്ടാണ് ആദ്യ വിമാനം പുറപ്പെടുന്നത്.സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍ ആദ്യ വിമാനത്തിന്റെ ഫ് ളാഗ് ഓഫ് നിര്‍വ്വഹിക്കും.
കേരളത്തില്‍ നിന്നുള്ള 5758 തീര്‍ഥാടകരില്‍ 2056 പുരുഷന്മാരും 3702 സ്ത്രീകളുമാണ്.ഇവര്‍ക്ക് പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്‍ഡമാന്‍, പോണ്ടിച്ചേരി എന്നീ സംസ്ഥാന ,കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1989 തീര്‍ഥാടകരും കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് യാത്രയാവുന്നത്. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് മുഖേന പുറപ്പെടുന്നത് 7747 തീര്‍ഥാടകരാണ്.ജൂണ്‍ നാലു മുതല്‍ 16 വരെ സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ ചെയ്ത 20 വിമാനങ്ങളിലായാണ് തീര്‍ഥാടകരുടെ യാത്ര. ഓരോ വിമാനത്തിലും 377 തീര്‍ഥാടകരുണ്ടാവും.
ഫ് ളാഗ് ഓഫ് ചടങ്ങില്‍ മന്ത്രിമാരായ പി രാജീവ്,അഹ്മദ് ദേവര്‍കോവില്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പി ടി എ റഹീം എം എല്‍എ, അന്‍വര്‍ സാദത്ത് എം എല്‍ എ, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി ആര്‍ പ്രേം കുമാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിക്കും.
ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന ഹാജിമാര്‍ നാളെ രാവിലെ 8.30 ന് ഹജ്ജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്നോടിയായി ആര്‍ ടി പി സി ആര്‍ ടെസ്റ്റിനുള്ള വിപുലമായ പ്രത്യേക സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വോളണ്ടിയര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, ഹജ്ജ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇതിനകം ഹജ്ജ് ക്യാമപില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഹാജിമാരെ സൗകര്യപൂര്‍വ്വം യാത്രയാക്കുന്നതിനു വിപുലമായ സൗകര്യങ്ങളാണ് ക്യാംപില്‍ ഒരുക്കുന്നതെന്നും ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വ്യക്തമാക്കി.