കര്‍ഷക പ്രക്ഷോഭം: രാജ്യവ്യാപകമായി ദേശീയപാതകൾ ഉപരോധിക്കും

Update: 2021-02-06 03:34 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി ദേശീയപാത ഉപരോധിക്കുമെന്ന് കര്‍ഷകര്‍. ദേശീയപാതകളിലും സംസ്ഥാന പാതകളിലും ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഉപരോധം. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഒഴിവാക്കും. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി.

കര്‍ഷകരുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമേഖലകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. അതേസമയം, ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും കരിമ്പ് കര്‍ഷകര്‍ വിളവെടുക്കുന്നതിനാല്‍ വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ രാകേഷ് ടിക്കായത്ത് അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടത്തിയതായി ഡല്‍ഹി പോലിസ് വക്താവ് ചിന്മയ് ബിസ്വാള്‍ അറിയിച്ചു. ഡല്‍ഹിയിലെ ഐടിഒ പ്രദേശത്ത് പോലീസ് ബാരിക്കേഡുകള്‍ക്ക് മുകളില്‍ മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ചിന്‍മോയ് പറഞ്ഞു.

കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കടുത്ത ഭീഷണി നേരിടുകയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ 'ദേശവിരുദ്ധ' പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്നും ആയുധ ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധം, ഉപരോധം തുടങ്ങിയ സമരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബാങ്ക് വായ്പ, സര്‍ക്കാര്‍ ജോലി, പാസ്പോര്‍ട്ട്, സര്‍ക്കാര്‍ കരാറുകള്‍, ആയുധ ലൈസന്‍സ് തുടങ്ങി പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമായവ നിഷേധിക്കുമെന്ന് ബിഹാര്‍ ഡിജിപി അറിയിച്ചു. അതേസമയം, അധികൃതരുടെ വിലക്ക് ലംഘിച്ച് യുപിയിലെ ഷാംലിയില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത് മഹാപഞ്ചായത്ത് ചേര്‍ന്നു. മുസഫര്‍നഗര്‍, ബാഗ്പത്, ബുലന്ദ്ഷഹര്‍, ജിന്ദ് തുടങ്ങിയ സ്ഥലങ്ങളിലും കര്‍ഷകര്‍ക്ക് പിന്തുണയുമായി മഹാപഞ്ചായത്ത് ചേര്‍ന്നിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി നേതാവ് ജഗ്താര്‍ സിംഗ് ബജ്വ. പ്രതികാര നടപടികളെ ഭയക്കുന്നില്ലെന്നും, റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ പരേഡില്‍ അക്രമം അഴിച്ചുവിട്ടതാരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.




Similar News