വെടിനിര്‍ത്തല്‍ ചര്‍ച്ച: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ കെയ്‌റോയില്‍

Update: 2023-12-20 13:30 GMT

കയ്‌റോ: ഗസ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലുമായി വീണ്ടും വെടിനിര്‍ത്തലിനു വേണ്ടി ഹമാസ് മേധാവി ഈജ്പിത് തലസ്ഥാനമായ കെയ്‌റോയിലെത്തി. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയ്യയാണ് ബുധനാഴ്ച ഈജിപ്ഷ്യന്‍ തലസ്ഥാനത്തെത്തിയത്. ഈജിപ്ത്യന്‍ ചാര മേധാവിയുമായും പ്രധാന മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്ന മറ്റ് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അതിനിടെ, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിന് തയ്യാറായേക്കുമെന്ന് യുഎസ്, ഖത്തര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

    ഗസയില്‍ 10 ആഴ്ചകളായി ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ 7,729 കുട്ടികള്‍ ഉള്‍പ്പെടെ 20,000 പേര്‍ കൊല്ലപ്പെടുകയും 1.9 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ലോകരാഷ്ട്രങ്ങള്‍ ബഹുഭൂരിഭാഗവും വെടിനിര്‍ത്തലിനു വേണ്ടി രംഗത്തെത്തിയെങ്കിലും ഇസ്രായേല്‍ കൂട്ടക്കൊല തുടരുന്നതിനിടെയാണ് ബന്ദികളുടെ ബന്ധുക്കളുടെ സമ്മര്‍ദം അതിശക്തമായത്.

    നേരത്തേ, നവംബര്‍ 24 മുതല്‍ ഡിസംബര്‍ ഒന്നവരെ നീണ്ടുനിന്ന ആദ്യ വെടിനിര്‍ത്തലില്‍ ഇസ്രായേല്‍ ജയിലില്‍ക്കഴിയുന്ന 240 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു. ഒക്‌ടോബര്‍ 7 ന് ഹമാസ് ബന്ദികളാക്കിയ നൂറിലേറെ പേരെ ഹമാസ് മോചിപ്പിക്കുകയും ചെയ്തിരുന്നു. തൂഫാനുല്‍ അഖ്‌സയ്ക്കിടെ ഹമാസ് ആകെ 240 പേരെ ബന്ദികളാക്കിയതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ബന്ദികളുടെ വീഡിയോയും ഹമാസ് പുറത്തുവിട്ടിരുന്നു. ഇത് നെതന്യാഹുവിനെതിരേ ഇസ്രായേലില്‍ അതിരൂക്ഷമായ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് നേരത്തേ ബന്ദിമോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗസയിലും റഫയിലും വെസ്റ്റ് ബാങ്കിലും ഉള്‍പ്പെടെ ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം തുടരുന്നതിനിടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇരുപക്ഷവും വീണ്ടും ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തുറന്നിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രസിഡന്റ് തന്നെ വെടിനിര്‍ത്തലിന് രാജ്യം സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, സമ്പൂര്‍ണമായ വെടിനിര്‍ത്തലിനല്ലാതെ ഒരുക്കമല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി.

Tags:    

Similar News