ഹമാസ് അമേരിക്കയുടെ ചതിയില്‍ വീഴില്ലെന്ന് ഉസാമ ഹംദാന്‍
ലെബനാനിലെയും ഗസയിലെയും പ്രതിരോധ പ്രസ്ഥാനങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും യുഎസ് ശ്രമിച്ചു.
ദോഹ: ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കയുടെ ചതിയില്‍ വീഴില്ലെന്ന് ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം ഉസാമ ഹംദാന്‍. യുഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ലഭിച്ച നിര്‍ദേശങ്ങളില്‍ സമഗ്രമായ വെടിനിര്‍ത്തലിനെ കുറിച്ച് പറയുന്നില്ല. അതിനോട് ഹമാസിന് യോജിപ്പില്ലെന്നും ഉസാമ ഹംദാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീന്‍ ജനതക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുക്തിരഹിതമായ ചര്‍ച്ചകള്‍ കൊണ്ട് ഗുണമില്ലെന്നും ഹംദാന്‍ വിശദീകരിച്ചു.
''വെടിനിര്‍ത്തലുമായും സമാധാന ചര്‍ച്ചയുമായും ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാടുകള്‍ മുന്‍ രാഷ്ട്രീയ കാര്യ മേധാവി യഹ്‌യാ സിന്‍വാര്‍ തയ്യാറാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഹമാസ് മുന്നോട്ടുപോവുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ലെബനാനിലെയും ഗസയിലെയും പ്രതിരോധ പ്രസ്ഥാനങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും യുഎസ് ശ്രമിച്ചു. എന്നാല്‍, ആ തന്ത്രങ്ങള്‍ പരാജയപ്പടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഗസയിലും ലെബനാനിലും ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങളില്‍ അമേരിക്കക്ക് പൂര്‍ണപങ്കാളിത്തമുണ്ട്. കൂട്ടക്കൊലകള്‍ക്കെതിരേ അവര്‍ക്ക് നിലപാടുണ്ടെങ്കില്‍ ആയുധ സഹായം തടയണമായിരുന്നു.'' ഉസാമ ഹംദാന്‍ പറഞ്ഞു.
ഫതഹും ഹമാസും ചേര്‍ന്നുള്ള സംയുക്ത സമിതി ഗസയിലെ പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ഹംദാന്‍ വെളിപ്പെടുത്തി. ഫലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതിലെ ഒരു ചുവടുവെപ്പാണ് ഇത്. അതേസമയം,ഫലസ്തീന്‍ ദേശീയ പദ്ധതിയെ വിഘടിപ്പിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.