ട്രംപിന്റെ 'നൂറ്റാണ്ടിന്റെ കരാര്‍' പിന്‍വലിക്കണമെന്ന് ജോ ബൈഡനോട് ഹമാസ്

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതും എംബസി വിശുദ്ധ നഗരത്തിലേക്ക് മാറ്റുന്നതും റദ്ദാക്കണമെന്നും ഹനിയ്യ പ്രസ്താവനയിലൂടെ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

Update: 2020-11-12 05:59 GMT

ഗസാ സിറ്റി: പടിയിറങ്ങുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ 'നൂറ്റാണ്ടിന്റെ കരാര്‍' പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ അനദൊളുവാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്യത്.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതും എംബസി വിശുദ്ധ നഗരത്തിലേക്ക് മാറ്റുന്നതും റദ്ദാക്കണമെന്നും ഹനിയ്യ പ്രസ്താവനയിലൂടെ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ട്രംപിന്റെ 'നൂറ്റാണ്ടിന്റെ കരാര്‍' ജറുസലേമിനെ 'ഇസ്രായേലിന്റെ അവിഭാജ്യ തലസ്ഥാനം എന്ന് പരാമര്‍ശിക്കുകയും വെസ്റ്റ് ബാങ്കിന്റെ ഭൂരിപക്ഷം മേഖലകളിലും ഇസ്രയേല്‍ പരമാധികാരം അംഗീകരിക്കുകയും ചെയ്യുന്നതാണ്. ഫലസ്തീന്‍ ജനതയോടുള്ള യുഎസിന്റെ അന്യായമായ നയങ്ങള്‍ തിരുത്തണമെന്നും ഹനിയ്യ ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ജനതയുടെ ഇച്ഛയെയും അവരുടെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളെയും ബഹുമാനിക്കാനും അധിനിവേശ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ മേഖലയിലെ ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ഹമാസ് നേതാവ് പുതിയ യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

Tags:    

Similar News