ജമീല അല്‍ ശന്തി ഹമാസിന്റെ രാഷ്ട്രീയ സമിതിയിലെ ആദ്യ വനിത
നാമനിര്‍ദേശം ചെയ്യപ്പെട്ടതല്ല, മറിച്ച് തിരഞ്ഞെടുപ്പിലൂടെയാണ് താന്‍ ഈ പദവിയിലെത്തിയതെന്നും ഹമാസില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അനദൊളു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
ഗസാസിറ്റി: ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയിലേക്ക് ആദ്യമായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. 64 കാരി ജമീല അല്‍ ശന്തിയാണ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയില്‍ അംഗമാകുന്ന പ്രഥമ വനിത. നാമനിര്‍ദേശം ചെയ്യപ്പെട്ടതല്ല, മറിച്ച് തിരഞ്ഞെടുപ്പിലൂടെയാണ് താന്‍ ഈ പദവിയിലെത്തിയതെന്നും ഹമാസില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അനദൊളു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
'ഹമാസിന്റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ചില സൈനിക വിഷയങ്ങളിലും സ്ത്രീകളുമായി കൂടിയാലോചനകള്‍ നടത്താറുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കൗണ്‍സില്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ പ്രവര്‍ത്തനപരമോ രാഷ്ട്രീയമോ സൈനികമോ ആയ വിഷയങ്ങളില്‍ ഹമാസിന് തീരുമാനമെടുക്കാന്‍ കഴിയില്ല'-അല്‍ ശാന്തി വ്യക്തമാക്കി.
വോട്ടിങിലും കൂടിയാലോചനകളിലും ഭരണപരമായ തീരുമാനമെടുക്കല്‍ പ്രക്രിയയിലും സ്ത്രീകളുടെ തീരുമാനം ചര്‍ച്ചയാവാറുണ്ട്. അവര്‍ തങ്ങളുമായി കൂടിയാലോചിക്കേണ്ട പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 18നാണ് ഹമാസ് ആഭ്യന്തര തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. മാര്‍ച്ച് അവസാനം സമാപിക്കും. 2006ലെ ഫലസ്തീന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസ് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഫത്താ പാര്‍ട്ടിയുടെ പ്രധാന രാഷ്ട്രീയ എതിരാളികളാണ്.