വെടിനിര്‍ത്തല്‍ വരും ദിനങ്ങളിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് ഹമാസ്
വരും ദിനങ്ങളിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചായിരിക്കും നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ട് പോവുകയെന്ന് അനദൊളുവിന് നല്‍കിയ അഭിമുഖത്തില്‍ ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ പറഞ്ഞു.
ഗസാ സിറ്റി: ഇസ്രായേലുമായി അടുത്തിടെയുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണയിലെ വ്യവസ്ഥകള്‍ ദുര്‍ബലമാണെന്നും പ്രശ്‌നത്തിന്റെ മൂലകാരണങ്ങള്‍ പരിഗണിച്ചില്ലെന്നും കുറ്റപ്പെടുത്തി ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്. വരും ദിനങ്ങളിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചായിരിക്കും നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ട് പോവുകയെന്ന് അനദൊളുവിന് നല്‍കിയ അഭിമുഖത്തില്‍ ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ബഹുമാനിക്കാനും അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും പാലിക്കാനും ഇസ്രായേലിനു മേല്‍ അന്താരാഷ്ട്ര സമൂഹങ്ങളുടെ സമ്മര്‍ദ്ദമുണ്ടെന്നും ഇതിലെല്ലാം ഇസ്രായേലിന്റെ നിലപാടിന് അനുസരിച്ചാകും വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ടുപോകുകയെന്നും സിന്‍വാര്‍ പറഞ്ഞു.
ഫലസ്തീന്‍ ജനതക്കെതിരേയും അല്‍ അഖ്‌സക്കു നേരെയും ഉള്ള ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാതെ ഈ കരാര്‍ പ്രവര്‍ത്തിക്കില്ല. ഇനി ഇസ്രായേല്‍ നിയമങ്ങള്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടത്തുകയും അല്‍ അഖ്‌സക്കു നേരെയുള്ള കടന്നുകയറ്റം ആവര്‍ത്തിക്കുകയും ഷെയ്ഖ് ജര്‍റാഹിലെ തങ്ങളുടെ ആളുകളെ ആക്രമിക്കുന്നത് തുടരുകയും അവരെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്യുകയാണെങ്കില്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ തീര്‍ച്ചയായും തകരുമെന്നും സിന്‍വര്‍ മുന്നറിയിപ്പ് നല്‍കി.